തിരുവനന്തപുരം: തിരുവനന്തപുരം കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഫാനുമായുള്ള ഫർസാനയുടെ സൗഹൃദം അച്ഛൻ സുനിലിന് അറിയില്ലായിരുന്നുവെന്ന് അച്ഛന്റെ സുഹൃത്തുക്കൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിൽക്കുമ്പോഴാണ് മകൾ വീട്ടിൽ നിന്ന് പോയിട്ട് തിരികെ വന്നില്ലെന്ന് വിവരം സുനിൽ അറിയുന്നത്. സമീപത്തെ വീട്ടിൽ ട്യൂഷൻ എടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് വൈകിട്ട് മൂന്നരയോടു കൂടി ഫർസാന വീട്ടിൽ നിന്ന് ഇറങ്ങിയത്. അച്ഛൻ സുനിലിന്റെ സ്ഥലം ചിറയിൻകീഴ് ആണ്. അമ്മ ഷീജയുടെ സ്വദേശം വെഞ്ഞാറമൂടാണ്. വെഞ്ഞാറമൂട്ടിൽ അലൂമിനിയം ഫാബ്രിക്കേഷൻ കട നടത്തുകയാണ് സുനിൽ. ആറുവർഷം മുമ്പാണ് കുടുംബം ഇവിടെ താമസം തുടങ്ങിയത്. അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ എംഎസ്സി വിദ്യാർത്ഥിനിയാണ് മരിച്ച ഫർസാന. ഫർസാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് മുക്കുന്നൂരിലെ വീട്ടിലെത്തിക്കും. കബറടക്കം ചിറയിൻകീഴ് കാട്ടുമുറാക്കൽ പള്ളി കബർസ്ഥാനിൽ നടക്കും.