തിരുവനന്തപുരം: തലസ്ഥാനത്തെ അരുംകൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂർണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്ത പരിശോധന നടത്തും. പ്രതി നടത്തിയ ഇടപാടുകളെ കുറിച്ചും അന്വേഷിക്കുമെന്നും മാനസിക ആരോഗ്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, അഫാൻ അസ്വസ്ഥത കാണുക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മരുന്ന് കുത്തിയ കാനുല ഊരിക്കളഞ്ഞു. എലി വിഷം കഴിച്ചു എന്ന മൊഴി ഉള്ളതിനാൽ ജാഗ്രത തുടരുകയാണ്. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
റൂറൽ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി ലഹരി ഉപയോഗം നടത്തിയതായി ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും രക്തം പരിശോധനയ്ക്കായി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്‍റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകൾ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 6 മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങൾ നടത്തി. ഇന്നലെ രാവിലെ ഉമ്മയെയാണ് പ്രതി അഫാൻ ആദ്യം ആക്രമിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു ആദ്യ ആക്രമണം. ഉമ്മയോട് അഫാൻ പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനാൽ ആക്രമിച്ചു. 1.15 മുത്തശ്ശി സൽമ ബീവിയെ ആക്രമിച്ചു. സ്വർണവുമായി വെഞ്ഞാറമൂട് എത്തിയപ്പോൾ ലത്തീഫ് ഫോണിൽ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചു. വെഞ്ഞാറമൂട് നിന്നാണ് ചുറ്റിക വാങ്ങിയത്. വൈകിട്ട് 3 മണിയോടെ ബാപ്പയുടെ സഹോദരൻ ലത്തീഫിനെയും ഭാര്യയെയും ആക്രമിച്ചു.