ദില്ലി : കേരളത്തിൽ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി നേതാക്കൾ നീക്കങ്ങൾ നടത്തുന്നതിനിടെ കരുതലോടെ നീങ്ങാൻ എഐസിസി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ലെന്നാണ് തീരുമാനമെന്നാണ് എഐസിസി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കേരളത്തിൽ നിലവിൽ നേതാക്കൾക്ക് ക്ഷാമമില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ കൂട്ടായി നീങ്ങും. ഇതറിയാവുന്ന ശശി തരൂരിന് പല ലക്ഷ്യങ്ങൾ ഉണ്ടാകാമെന്നാണ് എഐസിസി പാർട്ടി നേതൃത്തിന്റെ വിലയിരുത്തൽ. തൽക്കാലം കരുതലോടെ നീങ്ങാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം.
അതേ സമയം, കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന് ചേരും. രാത്രി എട്ട് മണിക്ക് ഓൺ ലൈനായാണ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് പ്രധാന അജണ്ട. എങ്കിലും ശശി തരൂരിന്റെ തുടർച്ചയായുള്ള വെല്ലു വിളിയും ചർച്ചക്ക് വരാൻ ഇടയുണ്ട്. സംസ്ഥാനത്ത് നേതൃ പദവി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ തരൂർ നിരന്തരം പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നാണ് ഭൂരിപക്ഷം നേതാക്കളും ഉയർത്തുന്ന വിമർശനം.
അതെ സമയം തരൂരിന്റെ പ്രശ്നങ്ങൾ തീർത്തു ഒപ്പം നിർത്തണം എന്നും വാദം ഉണ്ട്. കെപിസിസി നടപടിക്ക് നിർദേശം നൽകില്ല. പ്രശ്നം ഹൈക്കമാണ്ട് പരിഹരിക്കണം എന്നാണ് കേരള നേതാക്കളുടെ ആവശ്യം.
സംസ്ഥാന കോണ്‍ഗ്രസിൽ നേതാവില്ലെന്നും നേതൃത്വം ഏറ്റെടുക്കാൻ താൻ തയാറാണെന്നുമാണ് തരൂരിന്‍റെ നിലപാട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന ആവശ്യം പാര്‍ട്ടി കേട്ടില്ലെങ്കിൽ വേറെ വഴിയുണ്ടെന്ന രീതിയാണ് തരൂർ സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാൽ, ഇതിന് വഴങ്ങേണ്ടെന്നാണ് മുഖ്യമന്ത്രി പദം നോട്ടമിടുന്ന നേതാക്കളുടെയും അനുകൂലികളുടെയും നിലപാട്.