മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതമുഖമായ സുബീഷ് സുധി പ്രധാനകഥാപാത്രമാകുന്ന സിനിമ അണിയറയിൽ. 2006ൽ ‘ക്ലാസ്മേറ്റ്സ്’ എന്ന സിനിമയിലൂടെ സുബീഷ് സുധിയെ പരിചയപ്പെടുത്തിയ സംവിധായകൻ ലാൽജോസാണ് ഫേസ്ബുക്കിലൂടെ വാർത്ത പുറത്തുവിട്ടത്. ക്ലാസ്മേറ്റ്സിന് ശേഷം നിരവധി മലയാളസിനിമകളിൽ സുബീഷ് സുധി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.
സുബീഷിന്റെ ജീവിതത്തിലെ നിർണായകമായ വഴിത്തിരിവിൽ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് സംവിധായകൻ കുറിച്ചു. നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് പൊതുവാൾ, രഞ്ജിത്ത് ടി വി എന്നിവർ ചേർന്നാണ്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ലാൽ ജോസിന്റെ ഫേസ്ബുക്ക് കുറിപ്പ്
“സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ലാണ്. ക്ലാസ്മേറ്റ്സ് എന്ന എന്റെ സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരിൽ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തിൽ പല സംവിധായകരുടെ സിനിമകളിൽ സുബീഷ് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. സിനിമയിലേക്ക് പ്രവേശിച്ച് 16 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നിൽക്കുകയാണ് സുബീഷ്. സുബീഷ് ആദ്യമായൊരു ചിത്രത്തിൽ നായകവേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാൻ സാധിച്ച വ്യക്തിയെന്ന നിലയിൽ ഈ വേളയിൽ ഏറ്റവും സന്തോഷിക്കുന്നതും ഞാൻ തന്നെയാവും.
നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് പൊതുവാൾ, രഞ്ജിത്ത് ടി.വി എന്നിവർ ചേർന്നാണ്. കൂടുതൽ വിവരങ്ങൾ സിനിമയുടെ അണിയറപ്രവർത്തകർ പിന്നീട് പുറത്തുവിടുന്നതായിരിക്കും. സിനിമയോടുള്ള അഭിനിവേശവും തോറ്റുപിന്മാറാൻ തയാറല്ലെന്ന നിശ്ചയദാർഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവിൽ എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നു.”
Story Highlights: Subeesh Sudhi to act in lead role