കോട്ടയം: പാലാ നഗരസഭ ചെയർമാനായി സിപിഐഎം ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി. പാലായിലേത് പ്രാദേശിക കാര്യമാണ്. ബിനു പുളിക്കക്കണ്ടത്തെ ചെയർമാനായി തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. അതേസമയം ചെയർമാൻ സ്ഥാനാർത്ഥിയായി ആരെ നിയമിക്കുമെന്നത് ചർച്ച ചെയ്യാൻ സിപിഐഎം ഇന്ന് വൈകിട്ട് പാർലമെന്ററി പാർട്ടിയോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
ചെയർമാൻ ആരാകണമെന്ന സിപിഐഎം തീരുമാനത്തിൽ ഇടപെടില്ലെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. ബിനു പുളിക്കക്കണ്ടത്തെ തീരുമാനിച്ചാൽ പിന്തുണയ്ക്കും. മുന്നണി ധാരണകൾ പൂർണമായി പാലിക്കുമെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി.
അതേസമയം പാലായിൽ അധികാര കൈമാറ്റത്തിന് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ തീരുമാനം ആയതാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു പറഞ്ഞു. എന്നാലിത് കേരള കോൺഗ്രസ് പാലിക്കുന്നില്ല. ഒരു ഘടക കക്ഷിയുടെ തീരുമാനത്തിൽ മറ്റൊരു ഘടക കക്ഷി കടന്ന് കയറുന്നത് ശരിയല്ലെന്നും വി ബി ബിനു കൂട്ടിച്ചേർത്തു. ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാര്‍ഥിയാക്കുന്നതിൽ നേരത്ത കേരള കോൺഗ്രസ് എതിർപ്പ് അറിയിച്ചിരുന്നു.
ബിജെപിയില്‍ നിന്നും സിപിഐഎമ്മില്‍ ചേര്‍ന്ന വ്യക്തിയാണ് ബിനു പുളിക്കക്കണ്ടം. ഇതുകൂടാതെ കേരളാ കോണ്‍ഗ്രസ് അംഗത്തെ നഗരസഭയില്‍ വെച്ച് മര്‍ദ്ദിച്ചുവെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെയുണ്ട്. ഈ സംഭവത്തില്‍ ബിനുവിനെതിരെ കേസും നിലവിലുണ്ട്. അതുകൊണ്ട് ബിനുവിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്.
STORY HIGHLIGHTS: Jose K Mani says we will accept whoever is chosen as the Chairman of the Pala Municipality