ന്യൂഡൽഹി: പിതൃസഹോദര പുത്രനും ബിജെപി എംപിയുമായ വരുൺ ഗാന്ധിയും താനും ആശയപരമായി യോജിച്ചവരല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ കുടുംബത്തിന് ഒരു പ്രത്യയശാസ്ത്രമുണ്ടെന്നും വരുൺ സ്വീകരിച്ചതുമായി തനിക്ക് സഹകരിക്കാൻ കഴിയില്ലെന്നും പഞ്ചാബിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തനിക്ക് അദ്ദേഹത്തെ കാണാനും കെട്ടിപ്പിടിക്കാനും കഴിയും, പക്ഷേ ആ പ്രത്യയശാസ്ത്രം അംഗീകരിക്കാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.
‘അദ്ദേഹം ഇപ്പോൾ ബിജെപിയിലാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതു ബുദ്ധിമുട്ടുണ്ടാക്കും. അദ്ദേഹത്തിന്റെ ആശയങ്ങളുമായി യോജിക്കാൻ കഴിയാത്തതു കൊണ്ട് സഹകരിക്കാനും കഴിയുന്നില്ല. എനിക്ക് ഒരിക്കലും ആർഎസ്എസ്സിന്റെ ഓഫീസിൽ പോകാൻ കഴിയില്ല. അതിനുമുമ്പ് എന്റെ തല ഛേദിക്കണം,’രാഹുൽ പറഞ്ഞു. ഇതാദ്യമായാണ് രാഹുൽ തന്റെ ബന്ധുവും യുപിയിലെ പിലിഭിത്തിൽ നിന്നുള്ള ബിജെപി എംപിയും മേനകയുടെയും സഞ്ജയ് ഗാന്ധിയുടെയും മകനെ കുറിച്ച് സംസാരിക്കുന്നത്. ഇതോടുകൂടി വരുൺ ഗാന്ധി കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങളെ പൂർണ്ണമായും തള്ളുകയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
അതേസമയം ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ രാഹുൽ ഗാന്ധിക്ക് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. കശ്മീരിലെ ചില ഭാഗങ്ങളിൽ കാൽനടയാത്ര പാടില്ലെന്നും ശ്രീനഗറിൽ എത്തുമ്പോൾ രാഹുൽ ഗാന്ധിക്കൊപ്പം ആൾക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
STORY HIGHLIGHTS: Rahul Gandhi says he and Varun Gandhi are not ideologically compatible