ലിജോ ജോസ് പെല്ലിശേരി-മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘മലൈക്കോട്ടൈ വാലിബന്‍’ നാളെ ചിത്രീകരണം ആരംഭിക്കുകയാണ്. രാജസ്ഥാനിൽ ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാൽ ജോധ്പൂരില്‍ എത്തിയിട്ടുണ്ട്. ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള നടന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
ആക്ഷന് പ്രാധാന്യം നൽകുമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ അധികം പുറത്ത് വിട്ടിട്ടില്ല. ബോളിവുഡ് താരം വിദ്യുത് ജാംവാൽ ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുമുണ്ട്. മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് ചിത്രത്തിലെത്തുന്നത്. അത് കൊണ്ട് തന്നെ മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ പ്രാവീണ്യമുള്ള വിദ്യൂത് വില്ലനായെത്താനുള്ള സാധ്യതകള്‍ ഇരട്ടിക്കുന്നു.
അതുപോലെ കമൽ ഹാസനും സിനിമയുടെ ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ലിജോ ചിത്രത്തിൽ കമൽ ഹാസൻ ഏറെ പ്രാധാന്യമുള്ള അതിഥി വേഷത്തിലാകുമെത്തുക. നേരത്തെ ‘ഉന്നൈ പോലൊരുവൻ’ എന്ന സിനിമയിൽ കമലും മോഹൻലാലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനായി ഒന്നിക്കുമോ എന്ന ആവേശത്തിലാണ് ആരാധകർ.
ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും സിനിമയുടെ ഭാഗമാകുന്നുണ്ട്.
ആമേന് തിരക്കഥയൊരുക്കിയ പിഎസ് റഫീക്കാണ് മോഹന്‍ലാല്‍ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ആമേനിലെ മികച്ച ഗാനങ്ങള്‍ ഒരുക്കിയ പ്രശാന്ത് പിള്ള സംഗീതം നിര്‍വഹിക്കും.ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കും. ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കും.
story highlights: mohanlal reached jodhpur for lijo jose pellissery movie malaikottai valiban