ലണ്ടന്‍: സ്തനാര്‍ബുദ ചികില്‍സാ രംഗത്ത് വഴിത്തിരിവുണ്ടാക്കാന്‍ എഐ…ലോകത്തിലെ ഏറ്റവും വലിയ എഐ അധിഷ്ഠിത സ്തനാര്‍ബുദ സ്ക്രീനിംഗ് പരീക്ഷണത്തിന് യുകെയില്‍ തുടക്കമാവുകയാണ്. സ്താനാര്‍ബുദം തുടക്കത്തിലെ കണ്ടെത്താന്‍ സഹായിക്കുന്ന എഐ ടൂളുകളുടെ പരീക്ഷണത്തില്‍ യുകെയില്‍ ഏഴ് ലക്ഷത്തോളം വനിതകള്‍ ഭാഗമാകുമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്തനാര്‍ബുദം തിരിച്ചറിയാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ബ്രെസ്റ്റ് കാന്‍സര്‍ സ്ക്രീനിംഗ് പരീക്ഷണത്തിന് 700,000ത്തോളം സ്ത്രീകളെയാണ് യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) കണ്ടെത്തിയിരിക്കുന്നത്. എഐ ടൂളുകള്‍ വഴി സ്ത്രീകളിലെ സ്താനാര്‍ബുദം വേഗത്തിലും കൃത്യതയിലും കണ്ടെത്താനാകുമോ എന്ന് ഏപ്രില്‍ മാസം മുതല്‍ യുകെയില്‍ 30 ഇടങ്ങളില്‍ നടക്കുന്ന പരിശോധനകള്‍ വഴി അറിയാം. ഈ വര്‍ഷാവസാനം കാന്‍സര്‍ പ്രതിരോധ പദ്ധതി യുകെയില്‍ ആരംഭിക്കാനിരിക്കേയാണ് എന്‍എച്ച്എസ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ സ്തനാര്‍ബുദ പരിശോധനാ പരീക്ഷണം നടത്തുന്നത്.
സ്ത്രീകളിലെ സ്തനാര്‍ബുദ ചികില്‍സാ രംഗത്ത് എഐയെ ഇതിനകം പല പരീക്ഷണങ്ങള്‍ക്കും എന്‍എച്ച്എസ് വിധേയമാക്കി. വെയ്റ്റിംഗ് ലിസ്റ്റുകളും സ്കാന്‍ റിപ്പോര്‍ട്ടുകളും പരിശോധിക്കുന്നതിന് എഐ ഉപയോഗിച്ചു. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സ്തനാര്‍ബുദ എഐ സ്ക്രീനിംഗ് പരിശോധനയാണ് യുകെയില്‍ നടക്കാനിരിക്കുന്ന എഐ ബ്രെസ്റ്റ് കാന്‍സര്‍ സ്ക്രീനിംഗ്. 50നും 53നും ഇടയില്‍ പ്രായമുള്ളവരെയാണ് പരീക്ഷണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരില്‍ ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും സ്തനാര്‍ബുദ സ്ക്രീനിംഗ് നടത്തും. 71 വയസുവരെയായിരിക്കും ഈ പരിശോധനകള്‍ നടത്തുക.
അടുത്ത ഏതാനും വര്‍ഷങ്ങളില്‍ യുകെയില്‍ നടക്കുന്ന 700,000 മമ്മോഗ്രാമുകളില്‍ മൂന്നില്‍ രണ്ട് ഭാഗങ്ങളുടെയും വിശകലനം എഐ ഉപയോഗിച്ച് നടത്തും എന്നാണ് ദി ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ട്. റേഡിയോളജിസ്റ്റുകളെ പോലെ കൃത്യമായ വിശകലനം നടത്താന്‍ എഐ ടൂളുകള്‍ക്കാകുമോ എന്നാണ് എന്‍എച്ച്എസ് പരിശോധിക്കുന്നത്. സ്വീഡനില്‍ 2023ല്‍ 80,000 സ്ത്രീകള്‍ പങ്കെടുത്ത സ്താനര്‍ബുദ എഐ സ്ക്രീനിംഗായിരുന്നു ഇതിന് മുമ്പ് നടന്ന ഏറ്റവും വലിയ പഠനം. ആരോഗ്യരംഗത്ത് വലിയ പ്രതീക്ഷ നല്‍കുന്ന ഫലമായിരുന്നു അന്നത്തെ പഠനം നല്‍കിയത്. സ്തനാര്‍ബുദം കൃത്യതയോടെ കണ്ടെത്താന്‍ എഐക്കാകുമെന്നും, റേഡിയോളജിസ്റ്റുകളുടെ വര്‍ക്ക്‌ലോഡ് പകുതിയോളം കുറയ്ക്കാമെന്നും സ്വീഡനിലെ പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു.