ചാലക്കുടി: ചാലക്കുടി നഗരസഭയുടെ ചെയർമാനായി ഷിബു വാലപ്പൻ 6 ന് അധികാരമേൽക്കും.യുഡിഎഫ് ധാരണ പ്രകാരം ആദ്യത്തെ ഒന്നര വർഷം ചെയർമാനായിരുന്ന വി.ഒ. പൈലപ്പൻ ഒഴിഞ്ഞതിന് ശേഷമുളള രണ്ടരവർഷം നഗരസഭയെ നയിച്ച എബി ജോർജ്ജ് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ആറിന് രാവിലെ 11 ന് കൗൺസിൽ ഹാളിൽ വച്ച് ചെയർമാൻ തെരഞ്ഞെടുപ്പും തുടർന്ന് സത്യപ്രതിജ്ഞയും നടക്കും.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന് യുഡിഎഫിലുണ്ടായ ധാരണ പ്രകാരമാണ് മൂന്നാമത്തെ ചെയർമാനായി 33-ാം വാർഡിൽ നിന്ന് വിജയിച്ച ഷിബു വാലപ്പൻ ചെയർമാൻ ആകുന്നത്. 36 അംഗ കൗൺസിലിൽ 28 അംഗങ്ങളാണ് യുഡിഎഫിനുളളത്. നിലവിൽ യുഡിഎഫ് പാർലമെന്ററി പർട്ടി ലിഡറാണ് ഷിബു. വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബുവിനാണ് ഇപ്പോൾ ചെയർമാന്റെ താല്ക്കാലിക ചുമതല. വൈസ് ചെയർപേഴ്‌സൻ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് ആലീസ് ഷിബു പാർട്ടി നേത്യത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. പുതിയ ചെയർമാന്റെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒരു സ്ഥാനത്ത് തുടരാനാണ് പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുള്ളത്.
2000ൽ തന്റെ കന്നിയങ്കത്തിൽ തന്നെ ഇടതുകോട്ടയായ വിജയരാഘവപുരത്ത് വെന്നിക്കൊടി പാറിച്ച ചരിത്രമാണ് ഷിബുവിനുള്ളത്.ആ വാർഡിൽ നിന്നു നഗരസ ഭയിലെത്തിയ ആദ്യ കോൺഗ്രസ്‌കാരനെന്ന ബഹുമതിക്കും അങ്ങനെ അർഹനായി. മുൻ ചെയർ പേഴ്‌സനും ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സനുമായ ആലീസ് ഷിബുവാണ് ഭാര്യ.
അഞ്ചാം വട്ടമാണ് നഗരസഭ കൗൺസിലിലേയ്ക്ക് തുടർച്ചയായി വിജയിച്ചെത്തുന്നതെന്ന അപൂർവ നേട്ടത്തിനുടമക ളാണ് ഷിബു വാലപ്പനും ആലീസ്ഷിബുവിനുമുള്ളത്. നഗസഭയുടെ നാഥനും നാഥയുമായ ദമ്പതികളെന്ന ബഹുമ തിയും ഇനി ഇവർക്ക് സ്വന്തം.
ഇതിൽ ആദ്യവട്ട മത്സരത്തിൽ ഇരുവരും വിവാഹിതരായിരുന്നില്ല. വിജയരാഘവപുരത്തും തച്ചുടപ്പറമ്പിലും മാറിമാറി മത്സരിച്ചെങ്കിലും ജനം ഈ ദമ്പതികളെ ‘കൈ’വിട്ടില്ല. വീടുകളിലെത്തി വോട്ടർമാരെ നേരിട്ടു കണ്ട് വോട്ടഭ്യർഥന നടത്തുന്നതായിരുന്നു ലാളിത്യം മുഖമുദ്രയാക്കിയ ഇവരുടെ പ്രചാരണ രീതി. അത് കൊണ്ട് തന്നെ ജനങ്ങൾക്ക് വേണ്ടി സമർപ്പണം ചെയ്ത ഇവരുടെ ഭൂരിപക്ഷവും ഓരോ തവണയും കൂടിക്കൂടി വന്നു.