കൊച്ചി മെട്രോ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് നീളുന്ന മൂന്നാംഘട്ടത്തിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍). ആലുവ-അങ്കമാലി പാതയുടെ വിശദ പദ്ധതി രേഖ തയാറാക്കുന്നതിനായി കണ്‍സള്‍ട്ടന്‍സികളില്‍ നിന്ന് കെ.എം.ആര്.എല്‍ അപേക്ഷ ക്ഷണിച്ചു. മൂന്നാംഘട്ടത്തിന്റെ പ്രാരംഭ പദ്ധതി രേഖ തയാറാക്കുന്നതിന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തില്‍ നിന്ന് തത്വത്തില്‍ അനുമതി ലഭിച്ചതോടെയാണ് കെ.എം.ആര്.എല്‍ ഒരുപടി കൂടി മുന്നോട്ടു പോകുന്നത്.
കെ.എം.ആര്.എല്ലിന്റെ പ്രാഥമിക പദ്ധതിയനുസരിച്ച് മൂന്നാംഘട്ടം ആലുവയില്‍ നിന്ന് ആരംഭിച്ച് ദേശീയപാത 544ലൂടെ അകപ്പറമ്പ് അലീന വളവിലെത്തിയ ശേഷം അവിടെ നിന്ന് തിരിഞ്ഞുപോകും. പിന്നീട് കരിയാട്-എയര്‍പോര്‍ട്ട്-മറ്റൂര്‍ റോഡ് വഴി എയര്‍പോര്‍ട്ടിലെത്തും. അങ്കമാലി-എയര്‍പോര്‍ട്ട് റോഡിലൂടെ എം.സി റോഡില്‍ കടന്ന് അങ്കമാലിയില്‍ എത്തിച്ചേരും പോലെ പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.
ആലുവ-അങ്കമാലി മൂന്നാംഘട്ടത്തില്‍ ആകെ ദൈര്‍ഘ്യം 18 കിലോമീറ്ററാകും. 15 സ്റ്റേഷനുകള്‍ ഈ റൂട്ടിലുണ്ടാകും. ആദ്യ ഘട്ടത്തിലേക്കാള്‍ കൂടുതല്‍ അകലമുണ്ടാകും ഓരോ സ്റ്റേഷനുകള്‍ തമ്മില്‍. ഓരോ സ്റ്റേഷനിലും എത്തിച്ചേരാവുന്ന യാത്രക്കാരുടെ എണ്ണം കൂടി പരിഗണിച്ചാകും സ്റ്റേഷനുകളുടെ കാര്യം തീരുമാനിക്കുക. നെടുമ്പാശേരി എയര്‍പോര്‍ട്ട് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലൂടെ ഭൂഗര്‍ഭ പാതയാണ് വിഭാവനം ചെയ്യുന്നത്. മൂന്നു കിലോമീറ്റര്‍ ദൂരത്തിലാകും ഇത്തരത്തില്‍ ഭൂമിക്കടിയിലൂടെ പാത കടന്നുപോകുക.
തൃപ്പൂണിത്തുറ-ആലുവ പാതയുടെ തുടര്‍ച്ച എന്നതിലുപരി ഒരു പുതിയ സ്വതന്ത്ര പാതയായിട്ടാണ് മൂന്നാംഘട്ടം പരിഗണനയിലുള്ളത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ല. അയ്യമ്പുഴയില്‍ വരുന്ന ഗിഫ്റ്റ് സിറ്റിയിലേക്ക് കൂടി നീളുന്ന രീതിയിലുള്ള പഠനങ്ങളും നടത്തും. ഭാവി വികസനം മുന്നില്‍ കണ്ടാണ് ഈ നീക്കം.