കൊച്ചി: പുതുതായി വരുന്ന വൈറൽ പകർച്ചവ്യാധികൾ കൂടുതലും മൃഗങ്ങളിൽ നിന്ന് പകരുന്നതാണെന്ന് ലോക ആരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) മുൻ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ചടങ്ങിൽ വേമ്പനാട്ട് കായലിലെ ജലഗുണനിലവാരം, ജലജന്യ പകർച്ചവ്യാധികൾ സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
കാലാവസ്ഥാവ്യതിയാനവും പോഷകസമൃദ്ധമല്ലാത്ത ഭക്ഷണശീലങ്ങളും വരുത്തിവെക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ അവർ ഉയർത്തിക്കാട്ടി. ഇന്നത്തെ മിക്ക ആരോഗ്യ ഭീഷണികളും പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ നിന്ന് ഉൽഭവിക്കുന്നതാണ്. അതിനാൽ ഇന്ത്യയിൽ ഒരു പരിസ്ഥിതി ആരോഗ്യ നിയന്ത്രണ ഏജൻസി സ്ഥാപിക്കണമെന്ന് അവർ നിർദേശിച്ചു.
അസന്തുലിതമായ ഭക്ഷണരീതി രാജ്യത്തെ പ്രധാന ആരോഗ്യഭീഷണികളിലൊന്നാണ്. പോഷകാഹാരക്കുറവ്, വിളർച്ച, സൂക്ഷ്മ പോഷക അപര്യാപ്തതകൾ തുടങ്ങിയ പ്രശ്‌നങ്ങൾ ഇപ്പോഴും നിനിൽക്കുന്നുണ്ട്. എന്നാൽ, ജനസംഖ്യയിൽ പകുതിയോളം ഇന്ത്യക്കാരും ആവശ്യമായ പോഷകാഹാരം കഴിക്കാനുള്ള ശേഷിയില്ലാത്തവരാണ്.
ഭക്ഷണശീലം ആരോഗ്യകരമല്ലാത്തതിനാൽ, പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങൾ എന്നിവ കേരളത്തിലും തമിഴ്‌നാട്ടിലും വർധിച്ചുവരികയാണ്. മാറിവരുന്ന ശീലങ്ങൾ കാരണം, സംസ്‌കരിച്ചതും ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് അടങ്ങിയതുമായ ഭക്ഷണങ്ങൾക്കാണ് പ്രിയം. ധാരാളം അന്നജവും വളരെ കുറഞ്ഞ ഭക്ഷണ വൈവിധ്യവുമെന്നതാണ് സ്ഥിതി. പോഷകാഹാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണമെന്ന നിലയിൽ സമുദ്രവിഭവങ്ങൾക്ക് ഏറെ സാധ്യതയുണ്ട്. എന്നാൽ, ഈ വിഭവങ്ങൾ ഇനിയും പൂർണമായി വിനിയോഗിച്ചിട്ടില്ല.
കാലാവസ്ഥാവ്യതിയാനം കാരണം ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രളയം, വരൾച്ച, ചുഴലിക്കാറ്റുകൾ, കൊടും ചൂട് തുടങ്ങിയ കാലാവസ്ഥാ അപകടങ്ങളിൽ ഒന്നെങ്കിലും രാജ്യത്തെ മിക്കവാറും മുഴുവൻ ജനങ്ങളെയും ബാധിക്കുന്നുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ചൂട് ഏറ്റവും അപകടകരിയാണ്. സമൂഹത്തിലെ ഏറ്റവും ദുർബലമായ വിഭാഗമാണ് ഇതിനെല്ലാം ഇരയാകുന്നത്.
ഈ വെല്ലുവിളികൾ നേരിടുന്നതിന് വിവിധ മന്ത്രാലയങ്ങൾ, വിവിധ ഗവേഷണ ഏജൻസികൾ എന്നിവരുടെ സംയുകത സഹകരണവും വിവര കൈമാറ്റവും ആവശ്യമാണ്. പൊതുജനങ്ങളെ കൂടി പങ്കാളികളാക്കിയുള്ള സിറ്റിസൻ സയൻസ് സംരംഭങ്ങളും ആവശ്യമാണ്. കൊവിഡ് സമയത്ത്, ഒരു വർഷത്തിനുള്ളിൽ വാക്‌സിനുകളുടെ വികസനം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്രജ്ഞരും തമ്മിലുള്ള അഭൂതപൂർവമായ സഹകരണം കൊണ്ടാണ് ഇത് സാധ്യമായത്.
ഡിജിറ്റൽ യുഗത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അതിവേഗം പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ശാസ്ത്രീയ പുരോഗതിക്കും പൊതുജനാരോഗ്യ ശ്രമങ്ങൾക്കും തടസ്സമാകും. കൊവിഡ് സമയത്ത് സമയത്ത് എല്ലാവരും ‘വിദഗ്ധർ’ ആയി ആളുകൾക്ക് ഉപദേശം നൽകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇത് അപകടമാണ്. നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ കേരള സർക്കാരിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്- ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
കായലിലെ വെള്ളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള വാട്ടർ ക്ലിനിക്, ശുചിത്വരീതികളെ കുറിച്ചുള്ള സർവേ നടത്തുന്നതിനാവശ്യമായ ക്ലെൻസ് ആപ്, ജലത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് ഗവേഷകരെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമായ അക്വാഡിപ് ആപ്പ്, തീരമേഖലയിലെ ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട ഡേറ്റബേസ് എന്നിവ ഡോ സൗമ്യ സ്വാമിനാഥൻ പുറത്തിറക്കി.
സിഎംഎഫ്ആർഐ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, നാൻസൺ എൺവയൺമെന്റൽ റിസർച്ച് സെന്റർ-ഇന്ത്യ എന്നിവർ സംയുക്തമായാണ് വേമ്പനാട് കായലിലെ വിബ്രിയോ ബാക്ടീരിയകളുടെ സാന്നിധ്യം, മലിനീകരണം, പരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നത്. ചടങ്ങിൽ സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. ഡോ കാജൽ ചക്രവർത്തി, ഡോ വി വി ആർ സുരേഷ് എന്നിവർ സംസാരിച്ചു.