കഴിഞ്ഞവര്‍ഷം അവതരിപ്പിച്ചിരുന്ന കേന്ദ്രബജറ്റില്‍ ധനമന്ത്രി ഏറ്റവും കൂടുതല്‍ പഴി കേട്ടത് ആന്ധ്രപ്രദേശിന് വാരിക്കോരി കൊടുത്തു എന്നതിന്‍റെ പേരിലാണ്. തെലുങ്ക് ദേശം പാര്‍ട്ടിയുടെയും ജനതാദള്‍ യുണൈറ്റഡിന്‍റെയും പിന്തുണയോടെ ഭരിക്കുന്ന മോദി സര്‍ക്കാറിന് എന്തായാലും ഇരുകൂട്ടരെയും പിണക്കാന്‍ കഴിയില്ല. ഇത്തവണ സാഹചര്യം കുറച്ചുകൂടി വ്യത്യസ്തമാണ്. ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോവുകയാണ് ബിഹാര്‍. അതുകൊണ്ടുതന്നെ ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ബിഹാറിന് എത്രത്തോളം നീക്കിയിരിപ്പുണ്ടാകും എന്നുള്ളത് നിര്‍ണായകമാണ്. 32 പേജ് ഉള്ള നിവേദനം ആണ് ബജറ്റുമായി ബന്ധപ്പെട്ട് ബിഹാറിലെ ബിജെപി – ജനതാദള്‍ യുണൈറ്റഡ് സഖ്യ സര്‍ക്കാര്‍ ധനമന്ത്രിക്ക് നല്‍കിയിട്ടുള്ളത്.
ബിഹാറിന്‍റെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്ന് നേപ്പാളുമായി സഹകരിച്ച് പുതിയ ഡാം നിര്‍മ്മിക്കണം എന്നുള്ളതാണ്. പ്രദേശത്തെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ഇത് അത്യാവശ്യമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാദം. ബിഹാറിലെ 26 ജില്ലകളിലും പുതിയ പാലങ്ങളും സംസ്ഥാന സര്‍ക്കാറിന്‍റെ പദ്ധതികളില്‍ ഒന്നാണ്. ഇതിന് മാത്രം പതിമൂവായിരം കോടി രൂപയാണ് ചെലവ് വരിക. പദ്ധതികളെല്ലാം നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്‍റെ കടമെടുപ്പ് പരിധി കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 50 മുതല്‍ 100 മെഗാവാട്ട് വരുന്ന സോളാര്‍ വൈദ്യുത നിലയവും സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യങ്ങളില്‍ ഒന്നാണ്. നിലവില്‍ വെള്ളത്തിന് മുകളില്‍ ഒഴുകി നടക്കുന്ന സോളാര്‍ പ്ലാന്‍റുകളുടെ നിര്‍മാണത്തിലാണ് സംസ്ഥാനം. ഇതിന് പുറമെ സംസ്ഥാനത്തിന്‍റെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ആണവ വൈദ്യുത നിലയം അനുവദിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിവേഗ റോഡ് ഇടനാഴിയും സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളില്‍ ഒന്നാണ്. ദര്‍ഭംഗ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പദവിയിലേക്ക് ഉയര്‍ത്തണമെന്നും ആവശ്യമുയരുന്നുണ്ട്
കഴിഞ്ഞ ബജറ്റിലും ധനമന്ത്രി ബിഹാറിന് പ്രത്യേക പരിഗണന കൊടുത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് മാത്രം നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. 2600 കോടി രൂപയുടെ എക്സ്പ്രസ് വേ പദ്ധതിയാണ് കഴിഞ്ഞവര്‍ഷത്തെ പ്രധാനപ്പെട്ട ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഒന്ന്. 2400 മെഗാവാട്ട് വരുന്ന വൈദ്യുതി പ്ലാന്‍റും കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു