ന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജനായ ബയോടെക് സംരംഭകനും റിപ്പബ്ലിക്കൻ പാര്‍ട്ടി അംഗവുമായ വിവേക് രാമസ്വാമി പുതിയ ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്‍റെ ഭാഗമാകില്ല. ഡിപ്പാർട്മെന്‍റ് ഓഫ് ഗവണ്മെന്‍റ് എഫിഷ്യൻസി (ഡോജ്) ചുമതല ഇലോൺ മസ്കിന് മാത്രമായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.വിവേക് രാമസ്വാമി ഒഹായോ സംസ്ഥാന ഗവർണർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നതിനാലാണ് പിന്മാറ്റമെന്നാണ് വിശദീകരണം.അതേസമയം, അമേരിക്ക പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പിന്മാറുമെന്നും തീരുമാനം ഐക്യരാഷ്ട്രസഭയെ അറിയിക്കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. പിന്മാറ്റം പ്രാവർത്തികമാകാൻ ഒരു വർഷമെടുക്കും.
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ടെസ്‍ല സിഇഒ ഇലോണ്‍ മസ്കിനൊപ്പം ഡോജ് എന്നറിയപ്പെടുന്ന ഉപദേശക സമിതിയുടെ തലവൻമാരിലൊരാളായി വിവേക് രാമസ്വാമിയെയും ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.എന്നാൽ, ഡോണള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷമാണ് വിവേക് സ്വാമി ഡോജിന്‍റെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചത്. ഡോജ് ഉണ്ടാക്കുന്നതിൽ വിവേക് രാമസ്വാമി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും നിലവിൽ ഓഹിയോ ഗവര്‍ണര്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലാണ് മാറ്റമെന്നുമാണ് വിശദീകരണം.
കഴിഞ്ഞ രണ്ടു മാസത്തെ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വൈറ്റ്ഹൗസ് വക്താവ് ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയത്. റിപ്പബ്ലിക്കൻ പാര്‍ട്ടി അംഗമായ ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയുടെ ഡോജിലെ പ്രവര്‍ത്തന ശൈലിയിൽ ഇലോണ്‍ മസ്ക് സംതൃപ്തനായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മസ്കിനോട് ചായ്‍വുള്ള ഉദ്യോഗസ്ഥര്‍ ആഴ്ചകളായി വിവേക് രാമസ്വാമിയുമായി ആശയ വിനിമയം നടത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ റോവിയന്‍റ് സയന്‍സസിന്‍റെ സ്ഥാപകനമാണ് വിവേക് രാമസ്വാമി.
അമേരിക്കയുടെ നാല്പത്തിയേഴാം പ്രസിഡന്‍റായാണ് ഡോണൾഡ് ട്രംപ് അധികാരമേറ്റു. വാഷിങ്ടണ്‍ ഡി.സിയിലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ലോക നേതാക്കളും വ്യവസായ പ്രമുഖരും അടങ്ങുന്ന ജനാവലി ചടങ്ങിന് സാക്ഷികളായി.ഡോണൾഡ് ട്രംപിന്റെ രണ്ടാം ഇന്നിങ്സിനാണ് തുടക്കമായത്. നാല് വർഷം മുൻപ് തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ കൂട്ടാക്കാതെ ട്രംപിന്‍റെ അനുയായികൾ ഇരച്ചുകയറി അതിക്രമം കാട്ടിയ അതെ ക്യാപിറ്റോൾ മന്ദിരം.
ഇത്തവണ വമ്പൻ വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ കൂടുതൽ കരുത്തോടെയാണ് ട്രംപ് അധികാരത്തിലേറിയത്. പുറത്ത് മൈനസ് 12 ഡിഗ്രിയുടെ കൊടും തണുപ്പ് ആയതിനാൽ ചടങ്ങുകൾ എല്ലാം കാപിറ്റോൾ മന്ദിരത്തിന്‍റെ ഹാളിനുള്ളിൽ ആയിരുന്നു. 1861-ല്‍ എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിളും 1955-ല്‍ സ്വന്തം അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്‍റെ സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്റ് ആയ ജെ.ഡി.വാൻസായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.