കൊച്ചി: വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും വീണ്ടും മനസു തുറന്ന് മിനിസ്ക്രീൻ താരങ്ങളായ ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ആനീസ് കിച്ചൺ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.
വിവാഹം കഴിഞ്ഞ സമയത്ത് ഒരുപാട് ഹേറ്റ് കമന്റുകൾ തങ്ങൾക്കു നേരെ ഉയർന്നിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു. ഈ കെളവന് എന്തിന്റെ അസുഖമാണ്, ഇത്രയും സൗന്ദര്യമുള്ള കൊച്ചുകുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ എന്നു വരെ ചിലർ കമന്റ് ചെയ്തെന്നും ഇനി ഇന്ത്യയിലൊരു ഗ്രാമമോ ജില്ലയോ തങ്ങളെ അറിയാത്തവരായി ഇല്ലെന്നും, അത്രയും ഫെയ്മസായതിൽ നന്ദിയുണ്ടെന്നും ക്രിസ് കൂട്ടിച്ചേർത്തു.
ഇരുവരുടെയും ഭക്ഷണശീലങ്ങളെക്കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. ദിവ്യ എല്ലാ ഭക്ഷണവും കഴിക്കുന്ന ആളാണ്. വിവാഹ ശേഷവും അതിൽ മാറ്റമൊന്നുമില്ല. താൻ നോൺ വെജ് കഴിക്കാറില്ലെന്നും എന്നാൽ ഉണ്ടാക്കാറുണ്ടെന്നും ക്രിസ് വേണുഗോപാൽ പറഞ്ഞു. കുട്ടിക്കാലത്ത് അമ്മൂമ്മയുടെ കൂടെ നിന്ന് പാചകം പഠിച്ചിട്ടുണ്ടെന്നും ടേസ്റ്റ് ചെയ്യാതെ തന്നെ ഭക്ഷണത്തിന്റെ രുചി അറിയാമെന്നും ഉപ്പ് നോക്കിയാണ് അത് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുക്കിംഗിലൂടെ നമ്മൾ ക്ഷമ പഠിക്കുമെന്നും ചെയ്തത് ശരിയായില്ലെങ്കിൽ വീണ്ടും ചെയ്യണമല്ലോ എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിവാഹമായിരുന്നു സീരിയൽ താരങ്ങളായ ക്രിസ് വേണു ഗോപാലിന്റെയും ദിവ്യാ ശ്രീധറിന്റെയും. ഗുരുവായൂരിൽ വെച്ചാണ് ഇവർ വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെ, നവമാധ്യമങ്ങളിലൂടെ ചിലർ ഇവരെ അഭിനന്ദിച്ചും ചിലർ പരിഹസിച്ചും രംഗത്തെത്തിയിരുന്നു.
അഭിനയത്തിനു പുറമേ, റേഡിയോ അവതാരകൻ, വോയ്‌സ് ആർടിസ്റ്റ്, എഞ്ചിനീയർ തുടങ്ങിയ മേഖലകളിലും ക്രിസ് വേണുഗോപാൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മിനി സ്‌ക്രീനിൽ തന്റെ കഴിവു തെളിയിച്ച അഭിനേത്രിയാണ് ദിവ്യ ശ്രീധർ.