ഡെഹ്റാഡൂണ്‍: വീടിനുള്ളില്‍ തീ കായുന്നതിനിടെ പുക ഉയര്‍ന്ന് ശ്വാസം മുട്ടി ദമ്പതികള്‍ മരിച്ച നിലയില്‍. ഭിലാംഗനയിലെ ദ്വാരി-തപ്ല എന്ന സ്ഥലത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദമ്പതികളാണ് മരിച്ചത്. ശ്വാസം മുട്ടിയാണ് ദമ്പതികള്‍ മരിച്ചിട്ടുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ദമ്പതികളായ മദൻ മോഹൻ സെംവാൽ (52), ഭാര്യ യശോദാ ദേവി (48) എന്നിവർ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഗ്രാമത്തിലെത്തിയതായി ദ്വാരി-തപ്ല വില്ലേജ് അഡ്മിനിസ്ട്രേറ്റർ റിങ്കി ദേവി പറഞ്ഞു. ചടങ്ങിനെത്തിയ ഇവര്‍ രാത്രി 11 മണിയോടെ തീ കായാനുള്ള അടുപ്പ് കത്തിച്ച് ഇരുവരും മുറിക്കുള്ളില്‍ ഉറങ്ങാനായി കിടക്കുകയായിരുന്നു. തൊട്ടപ്പുറത്തെ മുറിയില്‍ ദമ്പതികളുടെ മകനും ഉറങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ മകന്‍ എത്തി അവരെ വിളിച്ചുണർത്താൻ പല തവണ ശ്രമിച്ചു.
ഏറെ സമയമായിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാർ വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ ദമ്പതികളെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. തീ കായാനായി കത്തിച്ച അടുപ്പിലെ പുകയിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചാണ് ദമ്പതികള്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.