രാജ്യത്ത് 30 ലക്ഷം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലാൻ ഉത്തരവിട്ട മൊറോക്കൻ ഭരണാധികാരികളുടെ നീക്കം ലോകശ്രദ്ധ പിടിച്ചു പറ്റുന്നു. അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷനായ ഫിഫയെ പ്രീതിപ്പെടുത്താനാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നായ്ക്കളെ കൂട്ടത്തോടെ പിടികൂടി വെടിവെച്ചും അടിച്ചും കൊലപ്പെടുത്തുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. കൂട്ടത്തോടെയുള്ള വെടിശബ്ദവും നായ്ക്കളുടെ കരച്ചിലും കേട്ടതായും ആളുകൾ പറയുന്നു. വെടിവെപ്പിൽ നിന്നും രക്ഷപ്പെട്ട നായ്ക്കളെ അടിച്ചു കൊലപ്പെടുത്തുന്നതും ശ്രദ്ധയിൽപ്പെട്ടതായി സാക്ഷികൾ വിവരിക്കുന്നുണ്ട്.
ലോകകപ്പ് മത്സരങ്ങൾക്കുള്ള വേദികൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഫിഫ അധികൃതർ രാജ്യത്ത് സുരക്ഷാ പരിശോധന നടത്താൻ എത്തുന്നതിന് മുന്നോടിയായി ആണ് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. രാജ്യത്തെ തെരുവുനായ മുക്തമാക്കുക എന്നതാണ് പിന്നിലുള്ള ലക്ഷ്യം. തെരുവ് നായ്ക്കൾക്കെതിരെയുള്ള ക്യാമ്പയിൻ മൊറോക്കോയിൽ ഇപ്പോഴും സജീവമായി തന്നെ തുടരുകയാണെന്നാണ് റിപ്പോർട്ട്.
വെടിവെപ്പിൽ നിന്നും രക്ഷപ്പെടുന്ന നായ്ക്കളെ പ്രത്യേക കേന്ദ്രങ്ങളിൽ എത്തിച്ചു വിഷം നൽകിയും വൈദ്യുതി ആഘാതം ഏൽപ്പിച്ചുമാണ് കൊലപ്പെടുത്തുന്നത്. അതേസമയം, ഈ നടപടികൾ ഉടനടി നിർത്തിയില്ലെങ്കിൽ 2030 ഫിഫ ലോകകപ്പിന് മുന്നോടിയായി 30 ലക്ഷം നായ്ക്കൾ വരെ കൊല്ലപ്പെടുമെന്ന മുന്നറിയിപ്പാണ് ഇൻ്റർനാഷണൽ ആനിമൽ വെൽഫെയർ ആൻഡ് പ്രൊട്ടക്ഷൻ കോളിഷൻ നൽകുന്നത്.
തെരുവ് നായ്ക്കളെ കൊല്ലുന്നത് രാജ്യത്തെ നിരോധിച്ചിട്ടുണ്ട് എങ്കിലും നിലവിലെ സംഭവങ്ങളോട് പോലീസ് പ്രതികരിക്കാത്ത സാഹചര്യത്തിൽ അധികാരികളുടെ മൗനാനുവാദത്തോടെ നടക്കുന്ന കൊലപാതകങ്ങൾ ഇവിടെ തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും കാര്യമായ മാറ്റം കൊണ്ടുവരാൻ സാധിച്ചിട്ടില്ല.
2030ലെ ഫിഫ ലോകകപ്പിന് മൊറോക്കോ, പോര്‍ച്ചുഗല്‍, സ്പെയിന്‍, അര്‍ജന്‍റീന, പരാഗ്വേ, യുറുഗ്വേ എന്നീ രാജ്യങ്ങളാണ് ആതിഥേയരാകുന്നത്. ലോകകപ്പിന്‍റെ 100-ാ വാര്‍ഷികം കൂടിയാണ് 2030ലെ ലോകകപ്പ്. ഇതാദ്യമായാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ഒരേസമയം രണ്ട് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങള്‍ ഒരേസമയം വേദിയാവുന്നത്.