മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കരിന്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭർത്താവ് ബഷീർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 2016 ജൂൺ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. പ്രതികൾ താമസിക്കുന്ന വാടക വീട്ടിലേക്ക് നോമ്പ് തുറക്കാനായി നബീസയെ വിളിച്ചു വരുത്തി നോമ്പ് കഞ്ഞിയിൽ വിഷം ചേർത്താണ് കൊലപ്പെടുത്തിയത്.
മരണം ഉറപ്പാക്കിയ ശേഷം ചാക്കിൽകെട്ടി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളേക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഭർതൃപിതാവിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതി ഫസീലയെ കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. മുൻ വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലപാതകവും കൊലപാതക ശ്രമവും നടന്നത്.
സമാനമായ മറ്റൊരു കേസായ പാറശ്ശാല ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരനാണ്. ശിക്ഷാ വിധി നാളെയുണ്ടാകും. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.