ദില്ലി: 76 -ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും അന്തിമഘട്ടത്തിലാണ്. പത്ത് ദിവസം മാത്രമുള്ളപ്പോൾ സജ്ജീകരണങ്ങളെല്ലാം പൂർത്തിയാകുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയാകും മുഖ്യാതിഥിയാകുയെന്ന് കേന്ദ്രം അറിയിച്ചു.
പ്രസിഡന്റായ ശേഷം സുബിയാന്തോ ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമായാണ്. മുൻ കരസേന തലവൻ കൂടിയായ സുബിയാന്തോ, ഒക്‌ടോബറിൽ പ്രസിഡന്റായി ചുമതലേയറ്റ ശേഷമുള്ള ആദ്യമായി ഇന്ത്യ സന്ദർശിക്കുന്നതിനാൽ തന്നെ ഇരു രാജ്യങ്ങളും തമ്മിൽ അതീവ പ്രാധാന്യമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടക്കാനാണ് സാധ്യത. 2020 ൽ ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ സുബിയാന്തോ ദില്ലി സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുമായി ഇക്കുറി സുബിയാന്തോ കൂടിക്കാഴ്ച നടത്തും. ജനുവരി 25 നാകും ഇന്തോനേഷ്യൻ പ്രസിഡന്റ് ഇന്ത്യയിൽ എത്തും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും.