ഹൈദരാബാദ്: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഹൈദരാബാദിലെ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചു വന്നിരുന്ന വിദ്യാർത്ഥിനിയ്ക്കാണ് ദുരനുഭവമുണ്ടായത്. ഹോസ്റ്റൽ നിൽക്കുന്ന കെട്ടിടത്തിന്റെ ഉടമയുടെ ഡ്രൈവറാണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ബുധനാഴ്ച്ച രാത്രിയോടെയാണ് സംഭവം.
വിദ്യാർത്ഥിനി രാത്രിയിൽ മുറിയിൽ ഒറ്റക്കായിരുന്നു. കതക് കുറ്റിയിട്ട നിലയിലുമായിരുന്നു. മുറിയിലേക്ക് പുതിയ ബെഡ് ഷീറ്റ് തരാനായി വന്നതാണെന്ന് പറഞ്ഞാണ് പ്രതി പെൺകുട്ടിയുടെ മുറിയുടെ വാതിലിൽ മുട്ടിയത്. ഇത് കേട്ട പെൺകുട്ടി വാതിൽ തുറന്നപ്പോൾ പ്രതി പെട്ടെന്ന് മുറിയിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റൽ കെട്ടിട ഉടമയുടെ ഡ്രൈവറാണ് പ്രതിയെന്നും പോലീസ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച യുവതിക്ക് പ്രാക്ടിക്കൽ പരീക്ഷയുണ്ടായിരുന്നു. ഇതിനാൽ മറ്റ് ചില വിദ്യാർത്ഥികൾ ഈ സമയം വിവിധ മുറികളിലായിരുന്നു പഠിച്ചിരുന്നത്. ഇരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇബ്രാഹിംപട്ടണം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പിടികൂടി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. മെഡിക്കൽ പരിശോധനയ്ക്കായി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി മറ്റ് വിവരങ്ങൾ ശേഖരിച്ചുവെന്നും പോലീസ് കൂട്ടിച്ചേർത്തു.