കൊച്ചി: എസ്എന്‍ ട്രസ്റ്റ് ബൈലോയില്‍ ഭേദഗതി വരുത്താനുള്ള ഹൈക്കോടതി വിധി വെള്ളാപ്പള്ളിയുടെ അഴിമതിക്കും അക്രമത്തിനുമേറ്റ കനത്ത തിരിച്ചടിയാണെന്ന് ശ്രീനാരായണ ധര്‍മ്മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. ഈ വിജയം സത്യത്തിന്റേതാണെന്നും ഇനി നീതിപൂര്‍വമുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഡിവിഷന്‍ ബഞ്ചിന്റെ വിധി ഭൂരിപക്ഷ ശ്രീനാരായണീയരും നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യും. വെള്ളാപ്പള്ളി പതിറ്റാണ്ടുകളായി ശ്രീ നാരായണീയ സമൂഹത്തെ പറ്റിച്ചു ജീവിക്കുകയാണ്. അതിനു അറുതി വരുത്താന്‍ വിധി സഹായകമാകും’ ഗോകുലം ഗോപാലന്‍ പറഞ്ഞു.
വഞ്ചനാ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഉള്‍പ്പടെ ട്രസ്റ്റിന്റെ ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നതാണ് ഭേദഗതി. ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും ഭേദഗതി ബാധകമാണ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്ക് വിധി തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തല്‍.
കേസുകളില്‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. മുന്‍ട്രസ്റ്റ് അംഗം അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ട്രസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ ഭേദഗതി വേണമെന്നായിരുന്നു ആവശ്യം.
STORY HIGHLIGHTS: Gokulam Gopalan against Vellapally Natesan