ലോകത്തെ നടുക്കിയ ദക്ഷിണ കൊറിയയിലെ വന്‍ വിമാന അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഫ്ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറുകളും അടങ്ങിയ ബ്ലാക്ക് ബോക്സുകൾ ദുരന്തത്തിന് നാല് മിനിറ്റ് മുമ്പ് റെക്കോർഡിംഗ് നിർത്തിയതായി ദക്ഷിണ കൊറിയയിലെ ഗതാഗത മന്ത്രാലയം അറിയിച്ചു. ബ്ലാക്ക് ബോക്‌സുകളുടെ റെക്കോർഡിംഗ് നിന്നുപോകാൻ കാരണമെന്താണെന്ന് കണ്ടെത്താനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബ്ലാക്ക് ബോക്സുകൾ യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
ഡിസംബർ 29ന് മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ദുരന്തത്തിൽ 179 പേരാണ് മരിച്ചത്. 181 പേരുണ്ടായിരുന്ന വിമാനത്തിലെ രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്തിന്‍റെ പിന്നിലിരുന്ന ജീവനക്കാരനും യാത്രക്കാരനും മാത്രമാണ് രക്ഷപ്പെട്ടത്. ബാങ്കോങ്കില്‍ നിന്നെത്തിയ ജെജു എയര്‍ലൈന്‍സ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറി പൊട്ടിത്തെറിച്ചാണ് വൻ ദുരന്തമുണ്ടായത്. ബാങ്കോങ്കില്‍ നിന്ന് 175 യാത്രക്കാരും 6 ജീവനക്കാരുമായി എത്തിയ ജെജു എയര്‍ലൈന്‍സ് വിമാനമാണ് സിഗ്നല്‍ സംവിധാനത്തില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടത്. വലിയ സ്ഫോടനത്തോടെ വിമാനത്തിന് തീപിടിച്ചതാണ് കനത്ത ആള്‍നാശത്തിന് കാരണമായത്.
അതേസമയം, ലാന്‍ഡിംഗിന് മുമ്പ് വിമാനത്തില്‍ പക്ഷി ഇടിച്ചിരുന്നതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. അപകടത്തിന് ശേഷം ജെജു എയര്‍ലൈന്‍സ് മാപ്പ് അപേക്ഷിച്ച് സന്ദേശം പുറത്തിറക്കിയിരുന്നു. ദക്ഷിണ കൊറിയയിൽ ഉണ്ടായ ഏറ്റവും വലിയ വ്യോമയാന ദുരന്തമായിരുന്നു ഇത്. 1997-ൽ കൊറിയൻ എയർലൈൻസ് വിമാനം അമേരിക്കൻ സമുദ്ര മേഖലാ ദ്വീപായ ഗുവാമിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 228 പേർ മരിച്ചിരുന്നു.