1.2 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മഞ്ഞ് കട്ട വേർതിരിച്ചെടുത്ത് ശാസ്ത്രജ്ഞർ. അന്റാർട്ടിക്കയിൽ നിന്നാണ് പഴക്കം ചെന്ന ഈ മഞ്ഞുകട്ട കണ്ടെത്തിയത്. -35 ഡിഗ്രി സെൽഷ്യസിൽ തുടർന്ന് 2.8 കിലോമീറ്റർ നീളമുള്ള ഐസ് കോർ ആണ് തുരന്നെടുത്തത്. ഭൂമിയുടെ കാലാവസ്ഥയുടെ ചരിത്രം പഠിക്കുന്നതുൾപ്പെടെ ലോകത്തെ ഏറ്റവും പുരാതനമായ വായു കണികകളെക്കൂടിയാണ് ഈ കണ്ടെത്തലിലൂടെ ശാസ്ത്ര ലോകത്തിന് ലഭിച്ചിരിക്കുന്നത്. നാല് വേനൽക്കാലത്തെ തീവ്രമായ പരിശ്രമത്തിനും മറ്റ് 7 രാജ്യങ്ങളോട് മത്സരിച്ചുമാണ് ഈ കണ്ടെത്തൽ. 9,186 അടി നീളമുള്ള സാമ്പിൾ ആണ് ലഭിച്ചിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
ഭൂമിയുടെ കാലാവസ്ഥയുടെ അസാധാരണമായ ഒരു ആർക്കൈവ്” എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിളിച്ചിരിക്കുന്നത്. ബിയോണ്ട് എപിക (Beyond EPICA) യാണ് മഞ്ഞുകട്ട ശേഖരിച്ചിരിക്കുന്നത്. ഇത് ഒരു “ടൈം മെഷീൻ” ആണെന്നും അവർ പറഞ്ഞു. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ഈ മഞ്ഞുപാളികൾ നമ്മുടെ കാലാവസ്ഥയുടെ പരിണാമത്തെ സംബന്ധിച്ച പല നിഗൂഢതകൾക്കും ഉത്തരം നൽകിയേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
ഐസ് കോറിനുള്ളിൽ കുടുങ്ങിയ വായു കുമിളകൾ കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രതയും മുൻകാല അന്തരീക്ഷ ഘടനയെക്കുറിച്ച് പഠിക്കാൻ സഹായകമാകുമെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്.
സൗരവികിരണം, അഗ്നിപർവ്വത പ്രവർത്തനങ്ങൾ തുടങ്ങിയ മാറ്റങ്ങളോട് ഭൂമിയുടെ കാലാവസ്ഥ എങ്ങനെ പ്രതികരിച്ചുവെന്ന് ഈ കണ്ടെത്തലിലൂടെ മനസിലാക്കാം. ഹരിതഗൃഹ വാതകങ്ങളും ആഗോള താപനിലയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം മനസ്സിലാക്കാനും ഇത് സഹായകമാകുമെന്ന് ബിയോണ്ട് എപികയിലെ ശാസ്ത്രജ്ഞർ പറഞ്ഞു.
യൂറോപ്യൻ കമ്മീഷൻ ധനസഹായം നൽകുന്ന ഏറ്റവും പഴയ ഐസ് പ്രോജക്റ്റ് ബിയോണ്ട് എപിക്കയുടെ നാലാമത്തെ കാമ്പെയ്‌നിൻ്റെ ഭാഗമായാണ് ഗവേഷകർ ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് വേനൽക്കാലങ്ങളിലായി, 12 യൂറോപ്യൻ ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ 200 ദിവസത്തിലധികം ശ്രമപ്പെട്ടാണ് ഐസ് പുറത്തെടുത്തത്.