വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുകയോ സ്വയം മുറിവേൽപ്പിക്കുകയോ ചെയ്താൽ സ്കൂൾ അധികൃതരോ ജീവനക്കാരോ ഉത്തരവാദികൾ അല്ല എന്ന് രേഖാമൂലമുള്ള വാഗ്ദാനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് ഒപ്പിടീപ്പിച്ച് ചൈനയിലെ ഒരു സെക്കൻഡറി സ്കൂൾ. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളിൽ നിന്നും ഇത്തരത്തിൽ ഒരു സാക്ഷ്യപത്രത്തിൽ അധികൃതർ ഒപ്പിടിപ്പിച്ചിട്ടുണ്ട് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവം പുറത്ത് വന്നതോടെ സ്കൂളിനെതിരെ വലിയ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. തെക്കൻ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ വുഹുവ കൗണ്ടിയിലെ ഷുയിസൈ മിഡിൽ സ്കൂളാണ് സംഭവം.
സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ പിതാവ് സാമൂഹിക മാധ്യമങ്ങളിൽ ഇതിനെതിരെ പ്രതികരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്കൂളിന്റെ നടപടിക്കെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയതായും രക്ഷിതാവ് സമൂഹ മാധ്യമത്തില്‍ കുറിച്ചതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. പൊതുജന സമ്മർദത്തെ തുടർന്ന് പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്വേഷണത്തിൽ സ്കൂളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചാ യോഗങ്ങൾ നടന്നതായി കണ്ടെത്തി.
കത്തിലെ ഉള്ളടക്കം ഇങ്ങനെയാണ്, ‘ഞാൻ എപ്പോഴും ജീവിതത്തെ വിലമതിക്കുകയും ജീവിതത്തെ ബഹുമാനിക്കുകയും ചെയ്യും. ഒരു കാരണവശാലും ഞാൻ എന്റെ ജീവിതം ഉപേക്ഷിക്കില്ല. പകരം, ശുഭാപ്തി വിശ്വാസത്തോടെ പോരാടുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യും. ഞാൻ സ്വയം മുറിവേൽപ്പിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താൽ, അതിന് സ്കൂളുമായി യാതൊരു ബന്ധവുമില്ല. ഞാനോ എന്റെ മാതാപിതാക്കളോ എന്റെ രക്ഷിതാക്കളോ ഒരു നഷ്ടവും അവകാശപ്പെടുകയോ സ്കൂളിൽ നിന്നോ സ്കൂൾ ജീവനക്കാരിൽ നിന്നോ എന്തെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെടുകയോ ചെയ്യില്ല, സ്കൂളിന്റെ അധ്യാപനത്തെ തടസ്സപ്പെടുത്തുകയുമില്ല. എന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു’.
വിദ്യാർത്ഥികളിൽ നിന്നും ഒപ്പിട്ട് വാങ്ങിയ കത്ത് പിൻവലിക്കാൻ പ്രാദേശിക വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിദ്യാർത്ഥികളോടും അവരുടെ രക്ഷിതാക്കളോടും വിശദീകരിക്കണമെന്നും അതോറിറ്റി സ്കൂൾ മാനേജ്മെന്റിന് നിർദ്ദേശം നൽകി. അതേസമയം അടുത്തകാലത്തായി ചൈനയിലെ സ്കൂളുകളില്‍ വച്ച് കുട്ടികൾ ആത്മഹത്യ ചെയ്യുന്ന പ്രവണത ഏറെ വരുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു.