വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ന്റെ അപ്ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. സിനിമയുടെ കഥാപശ്ചാത്തലത്തെയും താരനിരയെയും കുറിച്ച് നിരവധി അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ കന്നഡ താരം രക്ഷിത് ഷെട്ടി സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
അണിയറ പ്രവർത്തകർ പാൻ ഇന്ത്യൻ ലെവലിലാണ് സിനിമ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായാണ് രക്ഷിത് ഷെട്ടിയെ ഒരു കഥാപാത്രമായി സമീപിക്കുന്നത് എന്നാണ് റിപ്പോർട്ട്. രക്ഷിതിന് പുറമെ സഞ്ജയ് ദത്ത്, നിവിൻ പോളി, വിശാൽ തുടങ്ങിവയവരുടെ പേരുകളും സിനിമയുമായി ബന്ധപ്പെട്ട് കേൾക്കുന്നുണ്ട്.
‘മാസ്റ്ററി’ന് ശേഷം ലോകേഷുമായി ഒന്നിക്കുന്ന ചിത്രത്തിൽ നാല്പതുകളിൽ എത്തിയ ഒരു ഗ്യാങ്സ്റ്ററായാണ് വിജയ് അഭിനയിക്കുന്നത്. വിജയ് ചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിലാകുമെത്തുക എന്നും സൂചനകളുണ്ട്. ഹോളിവുഡ് ചിത്രം ‘ഹിസ്റ്ററി ഓഫ് വയലൻസി’ന്റെ റീമേക്കായിരിക്കും സിനിമ എന്നും അഭ്യൂഹങ്ങളുണ്ട്.
തൃഷയായിരിക്കും സിനിമയിലെ നായിക. 14 വർഷങ്ങൾക്ക് ശേഷമാണ് തൃഷ – വിജയ് കോംബോ സ്ക്രീനിൽ എത്തുന്നത്. സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ചിത്രം ലോകേഷിന്റെ ‘എൽസിയു’വിന്റെ ഭാഗമാണെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
story highlights: reports that rakshith shetty to be the part of thalapathy 67