‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’ എന്ന ചിത്രത്തിനെതിരെ വിമർശനം ഉയർത്തിയ ഇടവേള ബാബുവിന് മറുപടിയുമായി സംവിധായകൻ അഭിനവ് സുന്ദർ നായക്. അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും അതിൽ ഒരു കുഴപ്പവുമില്ലെന്ന് അഭിനവ് പറഞ്ഞു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ താൻ ബഹുമാനിക്കുന്നുവെന്നും അഭിനവ് വ്യക്തമാക്കി. റിപ്പോർട്ടർ ലൈവിനോട് ആയിരുന്നു അഭിനവിന്റെ പ്രതികരണം.
അഭിനവ് സുന്ദറിന്റെ പ്രതികരണം:
‘അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്, അതിൽ കുഴപ്പമില്ല. നമ്മൾ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ ഞാൻ ബഹുമാനിക്കുന്നു’.
‘വിനീതേട്ടന് കഥ ഇഷ്ടമായതിനാലാണ് സിനിമയിലെത്തിയത്. അദ്ദേഹത്തിന് (ഇടവേള ബാബു) കേട്ടപ്പോൾ തെറ്റിപോയതാകാം. ലോകത്തിൽ പല തരം മനുഷ്യരുണ്ട്, എല്ലാവർക്കും ലോകത്തെക്കുറിച്ച് അവരവരുടേതായ കാഴ്ചപ്പാടുകളുമുണ്ട്. അതിനെ മറ്റൊരാൾക്ക് ചോദ്യം ചെയ്യാനാവില്ല’.
‘ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ പറയുക എന്നതിനപ്പുറം അവർ ഇങ്ങനെ പറഞ്ഞു എന്നതിന് പ്രതികരിക്കേണ്ട ആവശ്യമില്ല. അത് അവരുടെ സ്വാതന്ത്ര്യമാണ്. എനിക്ക് എന്റെ രീതിയിൽ സിനിമ ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന് അഭിപ്രായം പറയാനും സ്വാതന്ത്ര്യമുണ്ട്’. അഭിനവ് സുന്ദർ പ്രതികരിച്ചു.
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും നടനും അമ്മ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു പറഞ്ഞത്. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ഇടവേള ബാബുവിന്‍റെ വിമർശനം.
STORY HIGHLIGHTS: Director Abhinav Replies on Idavela Babu statement on mukundan unni associates