തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി പരിഷ്‌കാരം ഉണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രൊഫഷണല്‍ ടാക്‌സ് കൂട്ടിയേക്കും. ചില മേഖലകളില്‍ വര്‍ഷങ്ങളായി നികുതി കൂട്ടിയിട്ടില്ല. കാലോചിതമായി ഇക്കാര്യം പരിഷ്‌കരിക്കാന്‍ തീരുമാനമെടുത്തെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി വകുപ്പിനെ പുനഃസംഘടിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. ടാക്‌സ് ചെയര്‍ സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് പുനഃസംഘടന. ഔദ്യോഗിക പ്രഖ്യാപനം 19ന് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരികള്‍ സമര്‍പ്പിക്കുന്ന ജിഎസ്ടി രജിസ്‌ട്രേഷന്‍ അപേക്ഷയുടെ പരിശോധന ഇനി മുതല്‍ കേന്ദ്രീകൃത രജിസ്‌ട്രേഷന്‍ യൂണിറ്റില്‍ നിന്നാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയുടെ പണം തടസ്സമായി വന്നിട്ടില്ല. കിഫ്ബി വഴി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഫലം കണ്ടെന്നും എംഎല്‍എമാരില്‍ നിന്നും കിഫ്ബി നിര്‍ദേശങ്ങള്‍ സ്വീകരിക്കാറില്ലെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ധനകാര്യ മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാല്‍ കേരളത്തിന് അര്‍ഹമായ പണം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷം നീട്ടണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള പണം കിട്ടാനുള്ളത് വരെ ആവശ്യപ്പെടുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
STORY HIGHLIGHTS: Finance minister KN Balagopal about professional tax