റിയാദ്: സൗദി മുന്‍സിപ്പല്‍ നിക്ഷേപ ഫോറത്തിന് ജനുവരി 24ന് തുടക്കം. മുന്‍സിപ്പല്‍, ഗ്രാമ കാര്യ, ഭവന മന്ത്രി മജീദ് അല്‍-ഹൊഗാലിയാണ് നിക്ഷേപ ഫോറം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് അറിയിച്ചത്. മുനിസിപ്പല്‍ നിക്ഷേപ ഫോറത്തിന്റെ രണ്ടാം എഡീഷനാണ് ജനുവരി 24മുതല്‍ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുക. റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ കേന്ദ്രത്തിലാണ് ഫോറം നടക്കുന്നത്. സൗദി വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തെ ചെറുകിട, ഇടത്തര, വന്‍ സംരഭകര്‍ക്ക് ഫോറം നിക്ഷേപത്തിന് അവസരമൊരുക്കും. ഇരുപത്തഞ്ചോളം സംവാദ സെഷനുകളാണ് ഫോറത്തില്‍ സംഘടിപ്പിക്കുന്നത്. അന്‍പതോളം ശില്‍പശാലകളും നിക്ഷേപ ഫോറത്തിന്റെ ഭാഗമായി നടക്കും. അയ്യായിരത്തോളം നിക്ഷേപ അവസരങ്ങളാണ് വിവിധ മേഖലകളിലെ നിക്ഷേപകര്‍ക്കായി ഫോറം തുറന്നുകൊടുക്കുന്നത്. വിവിധ മേഖലകളിലെ പ്രമുഖരും വിദഗ്ധരും വിവിധ സെഷനുകളില്‍ പങ്കെടുക്കും. സൗദി നഗരവികസനത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് നിക്ഷേപ ഫോറം പ്രധാനമായും ലക്ഷ്യമിടുന്നത്.
STORY HIGHLIGHTS: Saudi Municipal Investment Forum begins on January 24