ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം എടുത്ത് പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് നദ്ദ തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത്. ഒമ്പത് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും വിജയം ഉറപ്പ് വരുത്തണമെന്ന് യോഗത്തിലെ പ്രതിനിധികളോട് ആവശ്യപ്പെടുകയും ചെയ്തു.
പാര്‍ട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവി ശങ്കര്‍ പ്രസാദാണ് നദ്ദയുടെ പ്രസംഗത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചത്. 2024ല്‍ മൂന്നാം തവണയും കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നതിന് വേണ്ടി സംഘടന ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് കാര്യമായ ചര്‍ച്ച തന്നെ യോഗത്തില്‍ നടന്നു. 35 കേന്ദ്ര മന്ത്രിമാര്‍, 15 മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാരടക്കം ഉന്നത ബിജെപി നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
‘2023 ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട വര്‍ഷമാണ്, ജെപി നദ്ദ യോഗത്തില്‍ ഞങ്ങളോട് പറഞ്ഞു. അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ വര്‍ഷം ഒമ്പത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും വിജയിക്കണമെന്ന് പാര്‍ട്ടി അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്’, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ദുര്‍ബ്ബലമായ ബൂത്തുകള്‍ കണ്ടെത്തി അവയെ ശക്തിപ്പെടുത്തുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ നിര്‍ദേശിച്ചു. 72,000 ബൂത്തുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യത്തുടനീളമുള്ള 100 ലോക്സഭാ മണ്ഡലങ്ങളിലായി 72,000 ബൂത്തുകള്‍ അടയാളപ്പെടുത്തി. അവിടെ ബിജെപി ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞു. 1.3 ലക്ഷം ബൂത്തുകളില്‍ എത്തി പാര്‍ട്ടിയുടെ നയങ്ങള്‍ പ്രചരിപ്പിച്ചുവെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
Story Highlights: J P Nadda on Monday underlined the importance of the nine state assembly polls to be held this year