ഗാസ: നിരവധി ജീവനുകളെടുത്ത് ഇസ്രയേലിന്‍റെ ആക്രമണം തുടരുന്നതിനിടെ ആശ്വാസമായി ഗാസയിൽ ക്രിസ്മസ് കുർബാന നടന്നു. കർദിനാൾ പീർബാറ്റിസ്റ്റ പിസബെല്ലയെ ക്രിസ്മസ് കുർബാന അർപ്പിക്കാനായി ഗാസയിൽ പ്രവേശിക്കാൻ ഇസ്രയേൽ അനുമതി നൽകി. തുടർന്ന് ഗാസ സിറ്റിയിലെ ഹോളിഫാമിലി ചർച്ചിൽ ഒട്ടേറെ വിശ്വാസികളുടെ നേതൃത്വത്തിൽ വത്തിക്കാൻ പ്രതിനിധി കുർബാന അർപ്പിച്ചു. നിറയെ വിളക്കുകളും ക്രിസ്മസ് ട്രീയും പള്ളിയിൽ ഒരുക്കിയിരുന്നു. ഇസ്രയേൽ പോർവിമാനങ്ങൾ കാതടപ്പിക്കുന്ന ശബ്ദങ്ങൾക്കിടെയായിരുന്നു ആരാധന നടന്നത്.
ഗാസയിൽ ഇസ്രയേൽ ബോംബിങ്ങിൽ കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തെ കഴിഞ്ഞ ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പ അപലപിച്ചിരുന്നു. ഒരു കുടുംബത്തിലെ ഏഴ് കുഞ്ഞുങ്ങള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെ സംഭവത്തിന് പിന്നാലെയാണ് മാർപാപ്പ വിമർശനവുമായി രംഗത്തെത്തിയത്. ഇപ്പോൾ നടക്കുന്നത് യുദ്ധമല്ല, കുട്ടികൾക്ക് നേരെയുള്ള ക്രൂരതയാണ്. ഇത് തന്നെ നൊമ്പരപ്പെടുത്തുന്നുവെന്നും മാർപ്പാപ്പ പറഞ്ഞു. യുദ്ധം മൂലം വത്തിക്കാൻ പ്രിതിനിധിക്ക് ഗാസയിൽ പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നും മാർപ്പാപ്പ സന്ദേശത്തി കുറ്റപ്പെടുത്തി.
ഇതിന് പിന്നാലെയാണ് പീർബാറ്റിസ്റ്റ പിസബെല്ലക്ക് ഗാസയിലേക്ക് പ്രവേശിക്കാൻ ഇസ്രയേൽ അനുവാദം നൽകിയത്. ഗാസ സിറ്റിയിൽ അഭയകേന്ദ്രമായ സ്കൂളിൽ ഉൾപ്പെടെ ഇസ്രയേൽ സൈന്യം നടത്തിയ ബോംബിങ്ങിൽ ഏഴ് കുട്ടികളടക്കം 32 പേരാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രി ഒഴിയാൻ ഇസ്രയേൽ അന്ത്യശാസനം നൽകിയിട്ടുണ്ട്. എന്നാൽ രോഗികളെ ഒഴിപ്പിക്കാൻ ആംബുലൻസ് സംവിധാനമില്ലാതെ ദുരിതത്തിലാണ് ആശുപത്രിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.