ക്രിസ്മസ് ആഘോഷിക്കുന്നത് ഡിസംബര്‍ 25 ന് അല്ലേ? എന്നാല്‍ ചില സ്ഥലങ്ങളില്‍ ജനുവരി 7 നാണ്. ഇതിന് പിന്നില്‍ ഒരു കാരണവുമുണ്ട്.
യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ ഓര്‍ത്തഡോക്‌സ് കമ്മ്യൂണിറ്റിയില്‍പ്പെട്ടവരാണ് ഡിസംബര്‍ ഏഴിന് ക്രിസ്മസ് ആഘോഷിക്കുന്നത്. ഇവര്‍ ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്നതാണ് ക്രിസ്മസ് ദിനം അടക്കം മാറാന്‍ കാരണം. സാധാരണ കലണ്ടർ ഉപയോഗിക്കുമെങ്കിലും ക്രിസ്മസ് പോലെയുള്ള ആഘോഷ ദിനങ്ങള്‍ക്ക് ഇവര്‍ പിന്തുടരുന്നത് ജൂലിയന്‍ കലണ്ടറാണ്.
റോമന്‍ ഭരണാധികാരിയായിരുന്ന ജൂലിയസ് സീസര്‍, ബിസി 46ല്‍ ഉണ്ടാക്കിയ കലണ്ടറാണ് ജൂലിയന്‍ കലണ്ടറെന്നാണ് രേഖകള്‍ പറയുന്നത്. കാലങ്ങള്‍ കണക്കാക്കുന്നതിലെ കൃത്യതയില്ലായ്മ കൊണ്ട് അധികമാരും ഈ കലണ്ടര്‍ പിന്നീട് പിന്തുടരാതായി. ജൂലിയന്‍ കലണ്ടറിലെ ചില തകരാറുകള്‍ പരിഹരിക്കുന്നതിനായി 1582-ല്‍ പോപ്പ് ഗ്രിഗറി, ഗ്രിഗോറിയന്‍ കലണ്ടര്‍ ഉണ്ടാക്കിയിരുന്നു.
ഗ്രിഗോറിയന്‍ കലണ്ടര്‍ വന്നതോടെ ഭൂരിഭാഗം ക്രിസ്ത്യന്‍ ലോകവും ഇത് അംഗീകരിക്കുകയും ഈ ദിവസങ്ങള്‍ പിന്തുടരാന്‍ തുടങ്ങുകയുമായിരുന്നു. എന്നാല്‍ ഓര്‍ത്തഡോക്‌സ് കമ്മ്യൂണിറ്റിയിലെ ഒരു വിഭാഗം വിശ്വാസികള്‍ അപ്പോഴും, ഗ്രിഗോറിയന്‍ കലണ്ടര്‍ തെറ്റാണെന്ന് വിശ്വസിച്ച് ജൂലിയന്‍ കലണ്ടര്‍ പിന്തുടർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഈ വിഭാഗമാണ് ഇപ്പോഴും ജനുവരി 7ന് ക്രിസ്മസ് ആഘോഷിക്കുന്നത്.