ദില്ലി: പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസ് പാര്‍ലമെന്റ് പൊലീസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബിജെപി എംപിമാര്‍ക്കെതിരെ കോണ്‍ഗ്രസ് വനിത എംപിമാര്‍ നല്കിയ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറി. പക്ഷേ കേസെടുത്തിട്ടില്ല. ജീവന് അപായപ്പെടുത്തും വിധം പെരുമാറി, മനപൂര്‍വം മുറിവേല്പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങി 5 വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. 7വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ആഭ്യന്തരമന്ത്രി അമിത് ഷാ, ഭരണഘടന ശിൽപ്പി ബിആർ അംബേദ്ക്കറെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഭവങ്ങളാണ് പരാതിക്കടിസ്ഥാനം. രാഹുൽ ഗാന്ധി, എംപിമാരെ കൈയേറ്റം ചെയ്തുവെന്നും വനിത എംപിയെ അപമാനിച്ചെന്നുമടക്കം ചൂണ്ടിക്കാട്ടി വധശ്രമത്തിനാണ് കേസ് നൽകിയതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കിയിരുന്നു.
രാഹുൽ ഗാന്ധി കാരണം രണ്ട് എംപിമാർക്ക് പരിക്കേറ്റെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും അനുരാഗ് താക്കൂർ വിവരിച്ചു. സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയതെന്നും താക്കൂർ വ്യക്തമാക്കി. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ബിജെപി ആദ്യം പരാതി നൽകിയത്. പാർലമെന്റിലുണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണം രാഹുൽ ഗാന്ധിയാണെന്നും രാഹുൽ ഗാന്ധി എംപിമാരെ കൈയേറ്റം ചെയ്തെന്നും അനുരാഗ് താക്കൂർ വിമര്‍ശിച്ചിരുന്നു.