അമേരിക്കയില്‍ കഴിഞ്ഞ ദിവസമുണ്ടായ അസാധാരണ മഞ്ഞുവീഴ്ചയിൽ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നല്‍കി അധികതർ. അമേരിക്കയിലെ മൈനിലാണ് അസാധാരണമായ രീതിയിൽ തവിട്ട് നിറത്തിലുള്ള മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. ഇത് പ്രദേശവാസികളിൽ വലിയ കൗതുകം ഉണ്ടാക്കിയെങ്കിലും മഞ്ഞ് കൈ കൊണ്ട് തൊടാനോ ഭക്ഷിക്കാനോ പാടില്ലെന്ന് ടൗൺ അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
മൈനിലെ നിവാസികൾക്ക് മഞ്ഞുവീഴ്ച അപരിചിതമല്ല. പക്ഷേ, സാധാരണയായി ഇവിടെ പെയ്തിറങ്ങുന്ന മഞ്ഞ് തൂവെള്ള നിറത്തിലുള്ളതാണ്. എന്നാൽ, ഈ വർഷം കിഴക്കൻ മൈൻ പട്ടണമായ റംഫോർഡിന് ചുറ്റും വീണതാകട്ടെ തവിട്ട് നിറത്തിലുള്ള മഞ്ഞും. മഞ്ഞിന്‍റെ നിറത്തിൽ മാത്രമല്ല മൊത്തത്തിലുള്ള കാലാവസ്ഥയിലും വ്യത്യാസം അനുഭവപ്പെടുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് ടൗൺ അധികൃതർ ഫേസ്ബുക്കിൽ കുറിച്ചത്.
നഗരത്തിലെ ഒരു പേപ്പർ ഫാക്ടറിയിലുണ്ടായ തകരാറാണ് ഈ അപൂർവ്വ മഞ്ഞ് വീഴ്ചയ്ക്ക് കാരണമായത്. ഫാക്ടറിയിൽ നിന്നും പുറത്തുവന്ന കറുത്ത നിറത്തിലുള്ള ദ്രാവകമാണ് മഞ്ഞിന്‍റെ നിറം മാറുന്നതിന് കാരണമായത്. കടലാസ് നിർമ്മാണ പ്രക്രിയയുടെ ഒരു ഉപോൽപ്പന്നമാണ് ഈ കറുത്ത ദ്രാവകം. ചർമ്മത്തിനും കണ്ണിനും അപകടകരമായ പി എച്ച് ലെവൽ 10, ഇപ്പോൾ പ്രദേശത്ത് വീണുകൊണ്ടിരിക്കുന്ന മഞ്ഞിൽ കണ്ടെത്തിയതിനാൽ അത് സ്പർശിക്കാനോ കൗതുകം നിമിത്തം കഴിക്കാനോ പാടില്ലെന്നാണ് പ്രദേശവാസികൾക്ക് അധികാരികൾ നൽകിയിരിക്കുന്നു മുന്നറിയിപ്പ്.
ആളുകൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാൽ മാത്രം മതിയെന്നുമാണ് അധികൃതർ പറയുന്നത്. തവിട്ട് മഞ്ഞിനെ വിഷമയമായി കണക്കാക്കുന്നില്ലെന്നും എന്നാൽ ചർമ്മവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നത് ചർമ്മ രോഗങ്ങൾക്ക് കാരണമായേക്കാം. അതിനാല്‍ മുന്‍കരുതലെന്ന നിലയ്ക്കാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത് എന്നുമാണ് റംഫോർഡ് അധികൃതർ ഫേസ്ബുക്കിൽ കുറിച്ചത്.
കുട്ടികളെ മഞ്ഞിൽ കളിക്കാൻ അനുവദിക്കരുതെന്ന് പ്രദേശത്തെ സ്കൂളുകൾക്കും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കൂടാതെ വളർത്തുമൃഗങ്ങളെയും മഞ്ഞുമായി നേരിട്ട് സമ്പർക്കം പുലർത്താൻ അനുവദിക്കരുതെന്നും ഫേസ്ബുക്ക് കുറുപ്പിൽ പറയുന്നു. നിലവിൽ പ്രദേശത്ത് അടഞ്ഞു കൂടിയിരിക്കുന്ന തവിട്ട് മഞ്ഞ് മഴയിൽ ഒലിച്ചു പോകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.