ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ പരിക്കേറ്റ കുട്ടി ഇപ്പോഴും ഐസിയുവിൽ തുടരുന്നു. പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്റെ നില ഗുരുതരമാണ്. ശ്രീതേജ് ഇപ്പോഴും കോമയിൽ ആണെന്ന് ഡോക്ടർമാർ പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്. ട്യൂബ് വഴി ഭക്ഷണം നൽകുന്നതിനോട് ശരീരം കുഴപ്പങ്ങളില്ലാതെ പ്രതികരിക്കുന്നത് ആശ്വാസകരമാണെന്നും ഡോക്ടര്മാര് അറിയിച്ചു.കുട്ടിക്ക് ഇടയ്ക്കിടെ മാത്രമാണ് ബോധം തെളിയുന്നത്. ഇടയ്ക്കിടെ പനിയും ശരീരത്തിൽ വിറയലും അനുഭവപ്പെടുന്നുണ്ട്. പിഐസിയുവിൽ മുഴുവൻ സമയനിരീക്ഷണത്തിൽ ആണ് കുട്ടിയെന്നും ഡോക്ടർമാർ അറിയിച്ചു. അതേസമയം, കുട്ടിയെ കാണാൻ പോകാതിരുന്നത് നിയമപ്രശ്നങ്ങൾ മൂലമാണെന്ന് ഇന്നലെ അല്ലു അർജുൻ വാർത്താ കുറിപ്പ് ഇറക്കിയിരുന്നു. നിയമവിദഗ്ധർ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാൻ പോകാതിരുന്നതെന്ന് അല്ലു അർജുൻ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വിമർശനം ശക്തമായതിന് പിന്നാലെയാണ് അല്ലു അർജുന്റെ പ്രതികരണം. കേസ് നിലനിൽക്കുന്നതിനാൽ കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അല്ലു അർജുൻ പറഞ്ഞു. സാധ്യമായാൽ എത്രയും പെട്ടെന്ന് കുട്ടിയെ കാണാൻ എത്തുമെന്നും അല്ലു അർജുൻ വ്യക്തമാക്കി.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തിൽ നിന്ന് ഒളിച്ചോടില്ലെന്നും ജയിൽ മോചനത്തിന് ശേഷം അല്ലു അർജുൻ പ്രതികരിച്ചിരുന്നു. “മരിച്ച സ്ത്രീയുടെ കുടുംബത്തോടൊപ്പം നിൽക്കും. എന്റെ കുടുംബത്തിനും ഇത് വലിയ വെല്ലുവിളികളുടെ സമയം ആയിരുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് എന്നെ പിന്തുണച്ച ആരാധകർക്ക് നന്ദി. കൂടെ നിന്ന സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും നന്ദി”, അല്ലു അർജുൻ പറഞ്ഞു.