ജെനീവ: കൊവിഡ് മരണനിരക്കുകള്‍ പുറത്തുവിട്ട ചൈനയുടെ നടപടിയെ പ്രശംസിച്ച് ലോകാരോഗ്യസംഘടന. കൊവിഡ് അനുബന്ധ മരണങ്ങള് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച ചൈനയെ പ്രശംസിക്കുന്നുവെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു. വൈറസിന്റെ ഉത്ഭവം തിരിച്ചറിയുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കണമെന്നും ലോകാരോഗ്യസംഘടന ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബറില്‍ ചൈനയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ഉണ്ടാവുകയും മരണനിരക്ക് ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാന്‍ ചൈന ആദ്യം തയ്യാറായിരുന്നില്ല. മരണനിരക്ക് സംബന്ധിച്ച വിശദമായ കണക്ക് പുറത്തുവിടണമെന്ന് ലോകാരോഗ്യ സംഘടന നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ചൈന പുറത്തുവിട്ടത്.
ഒരു മാസത്തിനിടയില്‍ ചൈനയില്‍ 60,000ത്തോളം കൊവിഡ് മരണങ്ങള് സംഭവിച്ചതായി ചൈന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിസംബര്‍ മാസത്തിന്റെ ആദ്യം വൈറസ് വ്യാപനം രൂക്ഷമായതിന് ശേഷം സര്‍ക്കാര്‍ പുറത്തുവിട്ട ആദ്യത്തെ റിപ്പോര്‍ട്ടായിരുന്നു ഇത്. 2022 ഡിസംബര്‍ എട്ടിനും ഈ വര്‍ഷം ജനുവരി 12നും ഇടയില്‍ 59,938 കൊവിഡ് മരണങ്ങള് രേഖപ്പെടുത്തിയതായി ബ്യൂറോ ഓഫ് മെഡിക്കല്‍ അഡ്മിനിസ്ട്രേഷന് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ആശുപത്രികളില്‍ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങളുടെ കണക്ക് മാത്രമാണിത്. യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശ്വാസതടസ്സം മൂലമുണ്ടാകുന്ന 5,503 മരണങ്ങളും കൊവിഡുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങള്‍ കാരണമുണ്ടാകുന്ന 54,435 മരണങ്ങളും ഈ കണക്കില്‍ ഉള്‍പ്പെടുന്നു.
STORY HIGHLIGHTS: World Health Organization praises China’s action in releasing covid death rates