പാരീസ്: ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലേക്ക് ക്രിസ്തുവിന്റെ മുൾക്കിരീടം തിരികെ എത്തിച്ചു. നോത്രദാം ദേവാലയത്തെ വലിയ രീതിയിൽ തകർത്ത അഗ്നിബാധയുണ്ടായ സമയത്ത് മുൾക്കിരീടം സംരക്ഷിച്ച് മാറ്റിയിരുന്നു. ഓടപ്പുല്ലിലുള്ള വൃത്താകൃതിയിലുള്ള നിർമ്മിതി സ്ഫടികത്തിലും സ്വർണ്ണ ട്യൂബിലും പൊതിഞ്ഞാണ് ദേവാലയത്തിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. പാരീസ് ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ചിന്റെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിൽ വെള്ളിയാഴ്ചയാണ് മുൾക്കിരീടം ദേവാലയത്തിലേക്ക് തിരികെ എത്തിച്ചത്.
1239 ൽ ഫ്രാൻസിലെ രാജാവായിരുന്ന ലൂയിസ് ഒമ്പതാമൻ കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് 135,000 ലിവറുകൾ ചെലവിട്ടാണ് ഈ മുൾക്കിരീടം സ്വന്തമാക്കിയത്. അക്കാലത്ത് ഫ്രാൻസിന്റെ വാർഷിക ചെലവിൻ്റെ പകുതിയോളം വരുന്നതായിരുന്നു ഈ തുക. തുടക്കത്തിൽ സീൻ നദിയിക്കരയിലെ ഇലെ ഡി ലാ സിറ്റിയിൽ, 14-ആം നൂറ്റാണ്ട് വരെ ഫ്രാൻസിലെ രാജാക്കന്മാരുടെ വസതിയായിരുന്ന മധ്യകാല പാലയ്സ് ഡി ലാ സിറ്റിയിലെ സെന്റ് ചാപ്പല്ലിൽ സൂക്ഷിച്ചിരുന്ന മുൾക്കിരീടം 1806ലാണ് നോത്രദാം ട്രഷറിയിലേക്ക് മാറ്റിയത്. 2019-ൽ 850 വർഷം പഴക്കമുള്ള നോത്രദാം ദേവാലയ കെട്ടിടത്തിൽ തീപിടുത്തം ഉണ്ടാകുന്നതുവരെ ഇവിടെ തന്നെയാണ് ഈ കിരീടം സൂക്ഷിച്ചത്. ജനുവരി 10 മുതൽ മുൾക്കിരീടം വിശ്വാസികൾക്ക് കാണാനാവുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ വിശദമാക്കുന്നത്.
ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിൽ 2019 ഏപ്രിൽ 15നാണ് വൻ തീപിടിത്തമുണ്ടായത്. 850 വർഷം പഴക്കമുള്ള കത്തീഡ്രലിലെ അഗ്നിബാധ 15 മണിക്കൂറെടുത്തായിരുന്നു നിയന്ത്രണ വിധേയമാക്കിയത്. കത്തീഡ്രലിന്‍റെ മേൽക്കൂര മൊത്തമായി അഗ്നിബാധയിൽ കത്തിനശിച്ചിരുന്നു. ദേവാലയത്തിന്റെ സ്തൂപിക ഒടിഞ്ഞുവീണിരുന്നു. എന്നാൽ അഗ്നിബാധ കത്തീഡ്രലിലെ പ്രസിദ്ധമായ ഗോപുരങ്ങളെ ബാധിച്ചിരുന്നില്ല. കത്തീഡ്രലിൽ നടന്നുവന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കിടെയായിരുന്നു 2019ൽ അഗ്നിബാധയുണ്ടായത്. യേശുക്രിസ്തുവിനെ കുരിശിലേറ്റുന്ന സമയത്ത് ധരിച്ചതെന്ന് പറയപ്പെടുന്ന മുൾക്കിരീടം ഉൾപ്പടെയുള്ള വിലയേറിയ ശേഖരങ്ങൾക്ക് കേടുപാടൊന്നും പറ്റിയില്ലെന്ന് അഗ്നിബാധയുണ്ടായ സമയത്ത് തന്നെ ദേവാലയ അധികൃതര്‍ അറിയിച്ചിരുന്നു.
1163 ൽ നിർമ്മാണം തുടങ്ങി കത്തീഡ്രൽ പൂർത്തിയാക്കിയത് 1345 ലായിരുന്നു. നെപ്പോളിയന്റെ കിരീടധാരണമടക്കം നടന്നിട്ടുള്ള നോത്രാദാം ഫ്രാൻസിന്റെ അഭിമാനമായിട്ടുള്ള നിർമ്മിതിയാണ്. ഫ്രഞ്ച് വിപ്ലവത്തേയും രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച കത്തീഡ്രൽ അതേ പ്രതാപത്തോടെ പുനർനിർമ്മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ഉറപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് 7500 കോടി മുടക്കിൽ അഞ്ച് വര്‍ഷം കൊണ്ട് 2000 തൊഴിലാളികളാണ് നോത്രദാം കത്തീഡ്രല്‍ പുനര്‍നിർമ്മിച്ചത്. ഡിസംബർ 8നായിരുന്നു വലിയ രീതിയിലെ പുനർ നിർമ്മാണ പ്രവർത്തനത്തിന് ശേഷം ദേവാലയം തുറന്നത്.