പാരീസ്: ഫ്രാൻസിൽ ഒരാഴ്ചയോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിൽ അവസാനമായി. പുതിയ പ്രധാനമന്ത്രിയായി ഡെമോക്രാറ്റിക് മൂവ്മെന്‍റിന്‍റെ (മോഡെം) അധ്യക്ഷൻ ഫ്രാൻസ്വാ ബായ്റുവിനെ നാമ നിർദ്ദേശം ചെയ്തു. പ്രിസിഡന്‍റ് ഇമ്മാന്വൽ മാക്രോൺ ആണ് ബായ്റുവിനെ നാമനിർദ്ദേശം ചെയ്തത്. മാക്രോണിന്റെ മധ്യകക്ഷിസഖ്യത്തിൽ ദീർഘകാല സഖ്യകക്ഷിയും നിർണായകപങ്കും വഹിക്കുന്നുണ്ട് ബായ്റുവിന്‍റെ ഡെമോക്രാറ്റിക് മൂവ്മെന്‍റ്.
73 കാരനായ ഫ്രാൻസ്വാ ബായ്റുവിന് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുണ്ട്. 2007ൽ ആണ് ബായ്റു മോഡം രൂപികരിക്കുന്നത്. 2004 മുതൽ യൂറോപ്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷനായിരുന്നു ബായ്റു. 1986 മുതൽ 2012 വരെ പൈറനീസ്-അറ്റ്‌ലാന്റിക്കിൽനിന്നുള്ള പാർലമെന്റംഗമായിരുന്ന ബെയ്റു 1993 മുതൽ 97 വരെ വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. എന്നാൽ യൂറോപ്യൻ പാർലമെന്റ് ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസ് ബെയ്റുവിന്‍റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയിരുന്നു. ഈ കേസിൽ അടുത്തിടെയാണ് ബെയ്റുവിനെ കുറ്റവിമുകതനാക്കുന്നത്.
ഡിസംബർ അഞ്ചിനാണ് ബജറ്റ് ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മുൻ പ്രധാനമന്ത്രി മിഷേൽ ബാർണിയറെ പ്രതിപക്ഷപാർട്ടികൾ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുന്നത്. 1962ന് ശേഷം ആദ്യമായി ഫ്രാൻസിൽ അവിശ്വാസ പ്രമേയത്തിൽ സർക്കാർ പരാജയപ്പെട്ടു. ഇടതുപക്ഷ പാർട്ടികൾ കൊണ്ടുവന്ന പ്രമേയത്തെ തീവ്ര വലതുപക്ഷ നാഷനൽ റാലി പിന്തുണച്ചതോടെ പ്രധാനമന്ത്രി മിഷേൽ ബാർണിയർ പുറത്തായി. ഇതോടെ വെറും മൂന്ന് മാസത്തിനുള്ളിൽ അധികാരത്തിൽ നിന്ന് പുറത്താവുന്ന പ്രധാനമന്ത്രിയായും മൈക്കൽ ബാർനിയർ മാറി.
ആധുനിക ഫ്രാൻസിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയായാണ് ബാർനിയർ 73-ാം വയസിൽ അധികാരമേറ്റത്. എന്നാൽ അവിശ്വാസ പ്രമേയം പാസായതോടെ അധികാരമേറ്റ് 3 മാസത്തിനകം രാജിവയ്ക്കേണ്ടി വന്നതോടെ രാജ്യത്ത് ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി കൂടിയായി ബാർനിയർ. പുതിയ പ്രധാനമന്ത്രിയായി നോമിനേറ്റ് ചെയ്യപ്പെട്ട ഫ്രാൻസ്വാ ബായ്റുവിനും 73 വയസാണ്.