ധൗസ: രാജസ്ഥാനിലെ ധൗസയിൽ കുഴൽ കിണറിൽ വീണു 5 വയസുകാരന്റെ മരണകാരണം ശ്വാസനാളിയിൽ വെള്ളം കയറിയതെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട്. 55 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഇതിന് പിന്നാലെ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചിട്ട് 36 മണിക്കൂറായെന്നാണ് പോസ്റ്റമോർട്ടത്തിൽ വ്യക്തമായത്. വ്യാഴാഴ്ച രാവിലെയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വെള്ളമുള്ള കുഴൽക്കിണറിൽ തലകീഴായി ആയിരിക്കാം അഞ്ച് വയസുകാരൻ വീണതെന്നാണ് നിരീക്ഷണം.
തിങ്കളാഴ്ച വൈകിട്ടാണ് കുട്ടി കുഴൽ കിണറിൽ വീണത്. കാലിഘാത് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം കളിക്കുന്നതിനിടയാണ് അഞ്ചുവയസ്സുകാരൻ ആര്യൻ കുഴൽക്കിണറിൽ വീണത്. കുട്ടി കുഴൽക്കിണറിൽ വീണെന്ന് വ്യക്തമായി ഒരു മണിക്കൂറിനുള്ളിൽ ആരംഭിച്ച രക്ഷാപ്രവർത്തനം 55 മണിക്കൂറിലേറെ നീണ്ടിരുന്നു. കുട്ടി വീണ കുഴൽക്കിണറിന് സമാന്തരമായി ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് മറ്റൊരു കുഴി കുഴിച്ച് അഞ്ച് വയസുകാരനെ പുറത്തെത്തിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ഒന്നിച്ചാണ് പ്രവർത്തിച്ചത്.