ആലപ്പുഴ: ലഹരിക്കടത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. രാഷ്ട്രീയം ദുഷിച്ചുപോയി. ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിതെന്നും ജി സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ ജൂനിയർ ചേംബർ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് സിപിഐഎമ്മിനെതിരെയുളള ജി സുധാകരന്റെ പരോക്ഷ വിമർശനം.
ആലപ്പുഴയിലെ സിപിഐഎം നേതാക്കൾ ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ജി സുധാകരന്റെ പരാമർശമെന്നതും ശ്രദ്ധേയമാണ്. കരുനാഗപ്പള്ളി ലഹരി കേസ് പ്രതി ഇജാസിനെ പുറത്താക്കുകയും ഏരിയ കമ്മറ്റിയംഗം ഷാനവാസിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സിപിഐഎം ആലപ്പുഴ ബ്രാഞ്ച് അംഗമായിരുന്നു ഇജാസ്. ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗംവും നഗരസഭാ കൗൺസിലർ കൂടിയായിരുന്നു ഷാനവാസ്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ട് ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെഎല്‍ 04 എടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ ഇജാസ്, സജാദ്, കരുനാഗപ്പളളി സ്വദേശികളായ ഷമീർ, തൗസീം എന്നിവർക്ക് ജാമ്യം ലഭിച്ചു. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് അംഗങ്ങൾ പാർട്ടി വിട്ടു പോകുന്നതും ലഹരി മാഫിയ ബന്ധവുമാണ് ആലപ്പുഴയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതെന്ന് വിലയിരുത്തലുയർന്നിരുന്നു.
STORY HIGHLIGHTS: G Sudhakaran criticizing politicians on drug smuggling cases