കൊച്ചി: നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് അധിക പരിഗണന നൽകിയ സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിന് സാധാരണയിൽ കവിഞ്ഞ് പരിഗണന നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ തിരുവിതാംകൂർ ദേവസ്വം ബോർഡും ധരിപ്പിക്കും. ഭക്തരെ ബുദ്ധിമുട്ടിച്ച് ദിലീപിന് ഏറെ സമയം സോപാനത്തിന് മുന്നിൽ നിൽക്കാൻ അവസരം നൽകിയതിനെ ദേവസ്വം ബെഞ്ച് കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു.
ദിലീപിന് ശബരിമല സന്നിധാനത്ത് പ്രത്യേക പരിഗണന നൽകി ദർശന സൗകര്യം ഒരുക്കിയത് തങ്ങളല്ലെന്നാണ് ശബരിമല സ്പെഷ്യൽ പൊലീസ് ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻനിരയിൽ അവസരം ഒരുക്കിയത്, വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്, ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.