കോട്ടയം: കോൺഗ്രസ് നേതൃത്വത്തിനെതിരായ തുറന്ന് പറച്ചിൽ വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉപതെരഞ്ഞെടുപ്പിന് ചുമതലകൾ തരാത്തതിൽ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മൻ വിശദീകരിച്ചു. കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയിൽ മാത്രമേ പറയുവെന്നും ചാണ്ടി ഉമ്മൻ ന്യൂസിനോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പിന് ചുമതലകൾ നൽകിയില്ലെന്നത് വാസ്തവമാണ്. പക്ഷെ അതിനെതിരെ നേതൃത്വത്തെ വിമർശിച്ചതല്ലെന്ന് ചാണ്ടി ഉമ്മൻ ന്യൂസിനോട് പറഞ്ഞു. പ്രചരണത്തിൽ എന്ത് കൊണ്ട് സജീവമായില്ലെന്ന ചോദ്യത്തിനുള്ള ഉത്തരം പറയുക മാത്രമാണ് ചെയ്തത്. ഈ വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെനനും വിവാദം അടഞ്ഞ അധ്യായമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങൾ ചോദിച്ചു. അദ്ദേഹത്തെ എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഔട്ട് റീച്ച് സെല്ല് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ പോലും വിമർശിച്ചിട്ടില്ല. ചിലർ ചില കഥകൾ മെനയുകയാണ്, അവർ കഥകൾ ഉണ്ടാക്കട്ടെ. ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയിൽ പറയുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.