റിയാദ്: സൗദി അറേബ്യയില്‍ നിയമലംഘന കേസുകളില്‍ കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 16,000 പേര്‍. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമലംഘനങ്ങളിലാണ് ഇത്ര അധികം പേര്‍ പിടിയിലാകുന്നത്. സൗദി പുറത്തു വിട്ട ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് അറസ്റ്റ് സംബന്ധിച്ച് അറിയിച്ചത്.ജനുവരി അഞ്ചുമുതല്‍ പതിനഞ്ചുവരെയുള്ള കാലയളവിലാണ് ഇത്രയും പേര്‍ നിയമ ലംഘനങ്ങളില്‍ അറസ്റ്റിലാവുന്നത്. താമസനിയമങ്ങള്‍ ലംഘിച്ചതില്‍ 6732പേരാണ് അറസ്റ്റിലായത്. അതേസമയം 4180 പേരാണ് അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതില്‍ അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു.2822 പേരാണ് തൊഴില്‍ നിയമ ലംഘനങ്ങളില്‍ പിടിയിലായത്.
രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ് 620 പേര്‍ അറസ്റ്റിലായത്. ഇത്തരത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരില്‍ അറുപത്തഞ്ച് ശതമാനവും യമന്‍ സ്വദേശികളാണ്. മുപ്പത് ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്‍മാരും അഞ്ച് ശതമാനത്തോളം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അതേസമയം രാജ്യത്ത് നിന്നും മറ്റ് രാജ്യങ്ങളിലേക്ക് അനധികൃതമായി അതിര്‍ത്തി ലംഘിച്ച് കടക്കാന്‍ ശ്രമിച്ചതിനാണ് എഴുപത്തൊന്നോളം പേര്‍ അറസ്റ്റിലായത്. പതിനാറോളം പേരെ അറസ്റ്റുചെയ്തത് അതിര്‍ത്തി നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യമൊരുക്കിയതിനുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതിര്‍ത്തി ലംഘിച്ച് അനധികൃതമായി സൗദിയില്‍ പ്രവേശിക്കുന്നവരെ സഹായിക്കുന്നവര്‍ക്ക് പരമാവധി പതിനഞ്ചു വര്‍ഷം തടവും ഒരു ദശലക്ഷം സൗദി റിയാലുമാണ് ശിക്ഷ. അതിര്‍ത്തി നിയമ ലംഘനങ്ങള്‍ സംബന്ധിച്ചോ അനധികൃതമായി അതിര്‍ത്തിഭേദിക്കുന്നവര്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നതായോ കണ്ടെത്തിയാല്‍ പൊതു ജനങ്ങള്‍ക്ക് വിവരം നല്‍കാവുന്നതാണ്. മക്ക പ്രദേശത്തുനിന്നും ടോള്‍ ഫ്രീ നമ്പര്‍ 911ലും മറ്റ് മേഖലകളില്‍ നിന്നുള്ളവര്‍ക്ക് 999, 996 എന്നീ നമ്പറുകളിലും അധികൃതര്‍ക്ക് വിവരം നല്‍കാവുന്നതാണ്.
STORY HIGHLIGHTS: In Saudi Arabia 16,000 people have been arrested in the past ten days for violating the law