മെൽബൺ: മെൽബൺ സിനഗോഗിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തം ‘ഭീകരാക്രമണം’ ആണെന്ന് അധികൃതർ. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ജൂത സിനഗോഗ് തീവെച്ചതാണെന്ന് കണ്ടെത്തിയതെന്ന് വിക്ടോറിയ പോലീസ് ചീഫ് കമ്മീഷണർ ഷെയ്ൻ പാറ്റൺ, എഎഫ്‌പി ഡെപ്യൂട്ടി കമ്മീഷണർ ക്രിസ്റ്റി ബാരറ്റ്, പ്രീമിയർ ജസീന്ത അലൻ എന്നിവർ വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചു.
അന്വേഷണത്തെ അപകടത്തിലാക്കുന്നത് ഒഴിവാക്കാൻ കൂടുതൽ വിവരങ്ങൾ പങ്കിടാനാവില്ല. കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വിക്ടോറിയൻ പോലീസ്, എഎഫ്‌പി, എഎസ്ഐഒ എന്നിവ ഉൾപ്പെടുന്ന വിക്ടോറിയയുടെ സംയുക്ത തീവ്രവാദ വിരുദ്ധ ടീമിലേക്ക് അന്വേഷണം ഇപ്പോൾ മാറിയതായി എഎഫ്പി ഡെപ്യൂട്ടി കമ്മീഷണർ ക്രിസ്റ്റി ബാരറ്റ് പറഞ്ഞു.
വെള്ളിയാഴ്ചയുണ്ടായ തീപിടുത്തത്തിൽ ദശലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. സിനഗോഗ് ഏതാണ്ട് പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. വിശുദ്ധ തോറ ചുരുളുകളും മറ്റ് വസ്‌തുക്കളും കത്തി നശിച്ചിട്ടുണ്ട്.
സ്കൈ ന്യൂസ് മാധ്യമ പ്രവർത്തക സംഘം സ്ഥലം സന്ദർശിച്ച് സിനഗോഗിന് ഉള്ളിലെ നാശത്തിൻ്റെ യഥാർത്ഥ വ്യാപ്തി വെളിപ്പെടുത്തി. നൂറുകണക്കിന് ഗ്രന്ഥങ്ങളും മറ്റ് വിശുദ്ധ സാമഗ്രികളും കത്തിനശിച്ചു. ആ കാഴ്ച കാണുന്നതും പ്രദർശിപ്പിക്കുന്നതും ഹൃദയഭേദഗം ആണെന്ന് മാധ്യമ പ്രവർത്തകൻ മാർക്‌സൺ പറഞ്ഞു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ വീടുകൾ കത്തിച്ച ഇസ്രയേലിലെ കിബൂട്ട്‌സിലെ രംഗങ്ങളുമായി ആക്രമത്തിന് സാമ്യമുണ്ടെന്ന് മാർക്‌സൺ വേദനയോടെ പറഞ്ഞു.
ജൂത സമൂഹത്തിന് നിലവിലുള്ള പിന്തുണ തുടരുമെന്ന് വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ പറഞ്ഞു. ഞങ്ങളുടെ ചിന്തകൾ വീണ്ടും മെൽബണിലെ ജൂത സമൂഹത്തോടൊപ്പമായിരിക്കും. ഇത് ഭയാനകവും തിന്മയും യഹൂദവിരുദ്ധവുമാണ്. ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമുദായത്തിൽ ദുഖിക്കുന്നവരെയും കഷ്ട്‌ടപ്പെടുന്നവരെയും നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കുകയും അവർക്ക് എല്ലാ പിന്തുണയും നൽകുകയും വേണമെന്നും ജസീന്ത അലൻ പറഞ്ഞു.