യുണൈറ്റഡ് ഹെൽത്ത്‌കെയറിൻ്റെ സിഇഒ ബ്രയാൻ തോംസണിൻ്റെ ദാരുണമായ കൊലപാതക വാർത്തകൾ പുറത്തുവന്നതോടെ ലോകത്തിലെ മുൻനിര സിഇഒമാർ ആവശ്യപ്പെടുന്ന കനത്ത സുരക്ഷയെ കുറിച്ച് ചർച്ചയാകുകയാണ്. ഗൂഗിൾ, ആമസോൺ, ടെസ്‌ല തുടങ്ങിയ കമ്പനികളിലെ ഉയർന്ന എക്‌സിക്യൂട്ടീവുകൾക്കും കനത്ത ശമ്പള പാക്കേജുകൾ നൽകുന്ന മറ്റ് വലിയ സാങ്കേതിക സ്ഥാപനങ്ങൾക്കും അധിക പരിരക്ഷ ആവശ്യമാണ്. ഇതിൽത്തന്നെ, വ്യക്തിഗത സുരക്ഷ, സ്വകാര്യ ഗതാഗതം, വിപുലമായ സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടാം. ഇങ്ങനെ ഓരോ കമ്പനികളും തങ്ങളുടെ നേതൃത്വനിരയെ സംരക്ഷിക്കാൻ ഓരോ വർഷവും വലിയ തുകതന്നെ ചെലവഴിക്കുന്നുണ്ട്.
ആൽഫബെറ്റ്
2023-ൽ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്, അവരുടെ സിഇഒ സുന്ദർ പിച്ചൈയ്‌ക്കായി 6.7 മില്യൺ ഡോളറിലധികം ചെലവഴിച്ചു.
ആമസോൺ
സിഇഒ ആൻഡി ജാസിക്കായി ആമസോൺ മൊത്തം 986,164 ഡോളർ ചെലവഴിച്ചു. ഇതിൽ ജാസിയുടെ ബിസിനസ് യാത്ര, സുരക്ഷ എന്നിവ ഉൾപ്പെടുന്നുണ്ട്.
ജെപി മോർഗൻ ചേസ്
2023 ൽ സിഇഒ ജാമി ഡിമോണിൻ്റെ സുരക്ഷയ്ക്കായി ജെപി മോർഗൻ ചേസ് ഏകദേശം 523,271 ഡോളർ ചെലവഴിച്ചു. ഇതിൽ സ്വകാര്യ വിമാനത്തിൻ്റെ ഉപയോഗത്തിനായി 362,226 ഡോളറും കോർപ്പറേറ്റ് കാറുകൾക്ക് 30,400 ഡോളറും താമസസ്ഥലത്തെ സുരക്ഷയ്ക്കായി 150,645 ഡോളറും ചെലവഴിച്ചു.
ഒറാക്കിൾ
ഒറാക്കിളിൻ്റെ സിഇഒ സഫ്ര കാറ്റ്‌സിൻ്റെ സുരക്ഷയ്ക്കായി ഏകദേശം 200,086 ഡോളർ കമ്പനി ചെലഴിച്ചിട്ടുണ്ട്. കൂടാതെ, ചെയർമാനും സിടിഒയുമായ ലാറി എലിസണിൻ്റെ താമസസ്ഥലത്തെ സുരക്ഷയ്ക്കായി ഏകദേശം 3 മില്യൺ ഡോളർ ചെലവഴിച്ചു
ടെസ്‌ല
ഇലോൺ മസ്‌കിന്റെ വ്യക്തിഗത സുരക്ഷാ സേവനങ്ങൾക്കായി ടെസ്‌ല 2.9 മില്യൺ ഡോളർ ചെലവഴിച്ചു.
ആപ്പിൾ
2023ൽ ആപ്പിൾ, സിഇഒ ടിം കുക്കിൻ്റെ വ്യക്തിഗത സുരക്ഷാ സേവനങ്ങൾക്കായി 821,000 ഡോളർ ചിലവഴിച്ചു. മാത്രമല്ല, അദ്ദേഹത്തിൻ്റെ സ്വകാര്യ വിമാന യാത്രയ്‌ക്കായി കമ്പനി 1.6 മില്യൺ ഡോളറിലധികം ചെലവഴിച്ചു.
മെറ്റ
2023-ൽ മെറ്റാ, സിഇഒ മാർക്ക് സക്കർബർഗിൻ്റെ സുരക്ഷയ്ക്കും വ്യക്തിഗത യാത്രകൾക്കുമായി ഏകദേശം 9.4 മില്യൺ ഡോളർ ചെലവഴിച്ചു.