പെർത്ത്: അടുത്ത വർഷം മാർച്ച് എട്ടിന് നടക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാന പാർലമെന്റ്റ് തിരഞ്ഞെടുപ്പിൽ മലയാളികളായ ജിബി ജോയിയും ആൽവിൻ മാത്യൂസിനുമൊപ്പം ബിജു ആൻ്റണിയും മത്സര രംഗത്ത്. പെർത്ത് മിഡ്‌ലാൻഡിൽ താമസിക്കുന്ന ബിജു ലിബറൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ബെൽമണ്ടിൽ നിന്നാണ് മത്സരിക്കുന്നത്. ബെൽമണ്ട്, അസ്കോട്ട്, റിവർവെയ്ൽ, ക്യൂഡെയ്ൽ, ക്ലോവർഡെയ്ൽ വെൽഷ്പൂൾ, സൗത്ത് ഗിൽഡ്‌ഫോർഡ്, ഹാസൽമെയർ എന്നീ സബർബുകൾ ഉൾപ്പെടുന്നതാണ് ബെൽമണ്ട് ഇലക്ടറേറ്റ്, അതേസമയം, ജിബി ജോയിയും ആൽവിൻ മാത്യൂസും ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടിയുടെ ബാനറിലാണ് മത്സരിക്കുന്നത്.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ നിയമ മേഖലയിൽ ഏറെ പ്രാഗത്ഭ്യം തെളിയിച്ച മലയാളിയാണ് ബിജു ആന്റണി. അഭിഭാഷകൻ, ചാർട്ടേഡ് അക്കൗണ്ടന്റ്, ടാക്‌സ് എജൻ്റ്, ചാർട്ടേഡ് ടാക്സ‌് അഡൈ്‌വസർ, ഓഡിറ്റർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ബിജു ആൻ്റണി രണ്ട് സ്ഥാപനങ്ങളുടെ ഉടമയാണ്.സെന്റ് ജോർജ്സ് ലീഗൽ – ബാരിസ്റ്റേഴ്‌സ് ആൻഡ് സോളിസിറ്റർസ്, ട്രിനിറ്റി അസോസിയേറ്റ്സ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ആൻഡ് ചാർട്ടേഡ് ടാക്‌സ് അഡൈ്‌വസേഴ്‌സ് എന്നീ സ്ഥാപനങ്ങളാണ് ബിജുവിന്റെ ഉടമസ്ഥതിയിലുള്ളത്.
എറണാകുളം ഗവ. ലോ കോളജിൽ നിന്ന് നിയമ ബിരുദം നേടിയ ബിജു , എഡിത്ത് കോവൻ യൂണിവേഴ്‌സിറ്റി, യുഎസിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഓസ്ട്രേലിയയിലെ കോളജ് ഓഫ് ലോ എന്നിവിടങ്ങളിൽ നിന്നും ഉന്നത ബിരുദങ്ങൾ നേടിയിട്ടുണ്ട്.പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ ചർച്ച്, സെൻ്റ് പീറ്റേഴ്‌സ് സിറിയൻ യാക്കോബായ ചർച്ച്, മലയാളി അസോസിയേഷൻ ഓഫ് പെർത്ത്, മലയാളം സ്കൂൾ എന്നിവയുടെ ഓഡിറ്ററായ ബിജു പെർത്ത് അതിരൂപതയിലെ മിഡ്‌ലാൻഡ് സെൻ്റ് ബ്രിജിഡ്‌സ് ആൻഡ് സെൻ്റ് മൈക്കിൾസ് ചർച്ചിലെ ഫിനാൻസ് കമ്മിറ്റി അംഗം കൂടിയാണ്.ഓഷ്യാനിയ ഇന്റിജനസ് അബോറിജിനൽ കോർപ്പറേഷൻ, പല്ലാഡിയം ഫിനാൻഷ്യൽ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ ബോർഡ് അംഗമാണ്. ഇതുകൂടാതെ നൊല്ലമര ഔവർ ലേഡി ഓഫ് ലൂർദ് പ്രൈമറി സ്‌കൂളിന്റെ മുൻ ട്രഷറവും ബോർഡ് അംഗവുമായിരുന്നു.റോട്ടറി ഫൗണ്ടേഷനു വേണ്ടി ഫിലിപ്പൈൻസിലും ഈസ്റ്റ് ടൈമോറിലും അന്താരാഷ്ട്ര ഓഡിറ്റുകൾ നടത്തിയതും കരിയറിലെ മികച്ച നേട്ടമാണ്. വെസ്റ്റേൺ ഓസ്ട്രേലിയയിലെ സാമൂഹിക, സാംസ്‌കാരിക, നിയമ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന ബിജു പെർത്ത് സെൻ്റ് ജോസഫ് സിറോ മലബാർ ഇടവകാംഗമാണ്.
അർമഡയിൽ സിറ്റി കൗൺസിൽ അംഗമായ ജിബി ജോയ് നിരവധി മലയാളികൾ താമസിക്കുന്ന ഓക്സ്ഫോർഡ് സീറ്റിൽ നിന്നാണ് ജനവിധി തേടുന്നത്. സതേൺ റിവർ മണ്ഡലത്തിൽ നിന്നുമാണ് ആൽവിൻ മാത്യൂസ് ജനവിധി തേടുന്നത്. മൂവരും സംസ്ഥാന തിരഞ്ഞെടുപ്പിൽ ആദ്യമായാണ് മത്സരിക്കുന്നത്.
ഹാരിസ്ഡെയിൽ, പിയാവോട്ടേഴ്സ്‌സ്, ഫോറസ്റ്റ്ഡെയിൽ, ഒബിൻഗ്രോവ്, ഹിൽബേർട്ട്, ഹെയിൻസ്, ബുക്ക്‌ഡെയിൽ, ഓക്സ്ഫോർഡ്, അൻകറ്റൽ, വാണ്ടി, ബാഞ്ചപ് , ഡാൽലിങ് ഡോൺസ് എന്നീ സബർബുകൾ ഉൾപ്പെടുന്നതാണ് ഓക്സ്ഫോർഡ് ഇലക്‌ടറേറ്റ്. നിരവധി മലയാളികളും ഇന്ത്യൻ വംശജരും ഈ സബർബുകളിൽ താമസിക്കുന്നുണ്ട്. സൗത്തേൺ റിവർ, ഹണ്ടിങ് ഡെയിൽ, കാനിംഗ് വെയിൽ, ഗോസ്നെൽസ് എന്നീ സബർബുകൾ ഉൾപ്പെടുന്നതാണ് സതേൺ റിവർ മണ്ഡലം.
മഡിങ്ടണിൽ താമസിക്കുന്ന വടക്കേടത്ത് മാത്യു- ലൈസ ദമ്പതികളുടെ മകനാണ് ആൽവിൻ മാത്യൂസ്. ക്രിസ്റ്റീനയാണ് ഭാര്യ.
നഴ്‌സ് ആയി ജോലി ചെയ്യുന്ന ജിബി ജോയി അഞ്ച് കുട്ടികളുടെ പിതാവാണ്. ഭാര്യ കവിത. ഓസ്ട്രേലിയ ജസ്റ്റിസ് ഓഫ് പീസ്’ ആയി പ്രവർത്തിക്കുന്ന ജിബി ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെയാണ് കഴിഞ്ഞ വർഷം അർമഡെയിൽ സിറ്റി കൗൺസിലിൽ വിജയിച്ചത്.ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിനിൻ്റെ ഭാഗമായി രക്തദാനം സംഘടിപ്പിച്ചിരുന്നു.
അഞ്ച് ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടി ജീവനും കുടുംബങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി നിലകൊള്ളുന്നതാണ് ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടി എന്ന് ബോധ്യപ്പെടുത്തി വ്യത്യസ്‌ത വിഭാഗങ്ങളെ ഉൾപ്പെടുത്തി മുന്നൂറിലധികം പേരുടെ സജീവ ക്യാമ്പയിൻ ടീമിന് രൂപം കൊടുക്കാൻ ഇതിനോടകം സാധിച്ചതായി ജിബി ജോയി അറിയിച്ചു.
മയക്കുമരുന്നും തീവ്രവാദവും അനാരോഗ്യകരമായ സംസ്‌കാരവും ഇല്ലാതാക്കാനായി ഒരു രാഷ്ട്രീയ മാറ്റം പൊതു ജനങ്ങൾ ആഗ്രഹിക്കുന്നിടത്ത് ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടിക്ക് സാധ്യത ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു.