ചണ്ഡീഗഢ്: പിടികിട്ടാപ്പുളളിക്ക് പൊലീസുദ്യോഗസ്ഥര്‍ ചായ നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാന്‍ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് ഉത്തരവിട്ടു.കൈതാല്‍ ജില്ലയിലെ പുന്ദ്രി പൊലീസ് സ്റ്റേഷനില്‍ വഞ്ചനാക്കുറ്റം ചുമത്തിയ പ്രതി ഒളിവില്‍ പോയിരുന്നു. ഇതേ പ്രതിക്ക് ചായ നല്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വീഡിയോ ദൃശ്യങ്ങള്‍ അടക്കമുളള തെളുവുകള്ക്കൊപ്പം ഒരു സ്ത്രീ നല്കിയ പരാതിയെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ആഭ്യന്തര മന്ത്രി തന്റെ സ്വന്തം മണ്ഡലമായ അംബാലയില്‍ എല്ലാ ശനിയാഴ്ചയും ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ ‘ജനതാ ദര്‍ബാര്‍’ നടത്താറുണ്ട്. പരാതി ലഭിച്ച ഉടന്‍തന്നെ ആഭ്യന്തര മന്ത്രി പൊലീസ് സൂപ്രണ്ടിനെ ഫോണില്‍ ബന്ധപ്പെട്ടു.
‘എസ്പി സാഹേബ്, പിടികൂടാനായില്ലെന്ന് നിങ്ങള്‍ പറയുന്ന പ്രതിക്ക് നിങ്ങള്‍ തന്നെ ചായ നല്കുന്നു. കുറ്റവാളികള്‍ പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്നു.’ പൊലീസുകാരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണം. ഞാന്‍ പൊലീസ് സ്റ്റേഷന് അടച്ചുപൂട്ടണോ? ഇത് എങ്ങനെ സംഭവിക്കുന്നു എസ്പി സര്? ഗുണ്ടകള്‍ സംസ്ഥാനം ഭരിക്കുമോ? എനിക്ക് ഉടന്‍തന്നെ നടപടി വേണം.’ വിജ് കൈതല്‍ എസ്പിയോട് പറഞ്ഞു. പിന്നീട് ഏതാനം മണിക്കൂറുകള്‍ക്ക് ശേഷം ഡയറക്ടര്‍ ജനറല്‍ പി കെ അഗര്‍വാള്‍ പ്രതിയെ അറസ്റ്റ് ചെയ്ത വിവരം ആഭ്യന്തര മന്ത്രിയെ വിളിച്ചറിയിച്ചു. ശനിയാഴ്ച അംബാല കന്റോണ്‍മെന്റിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടന്ന ജനതാ ദര്‍ബാറില്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറായിരത്തിലധികം പരാതിക്കാരാണ് എത്തിയത്.
STORY HIGHLIGHTS: Two police officers were suspended for allegedly serving tea to a man, accused of fraud and said to be missing