പത്തനംതിട്ട: കണ്ണൂരിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംശയകരമായ പരുക്കുകളോ പാടുകളോ ശരീരത്തിൽ ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. അതേസമയം നവീൻ ബാബുവിന്റെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് പരിശോധന നടത്തും മുൻപ് തങ്ങളെ അറിയിച്ചില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത് വന്നു.
ഇൻക്വസ്റ്റ് കഴിഞ്ഞാണ് മരണ വിവരം അറിഞ്ഞതെന്ന് നവീൻ ബാബുവിൻ്റെ ബന്ധു അനിൽ പി നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൃതദേഹത്തിൽ പോസ്റ്റ്‌മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേ പോസ്റ്റ്മോർട്ടം നടത്താൻ പാടുള്ളൂവെന്ന് കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇൻക്വസ്റ്റ് കഴിഞ്ഞു എന്നുള്ള വിവരമാണ് പൊലീസ് അറിയിച്ചത്. അതിനുമുൻപ് അനുമതി നേടിയിരുന്നില്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. കോടതിയെ അറിയിച്ചത് ആശങ്കകളും സംശയങ്ങളും മാത്രമാണ്. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങൾ പോലും സൂക്ഷിച്ചിട്ടില്ലെന്നും കുടുംബം പ്രതികരിച്ചു.