കൊച്ചി: വധശ്രമ കേസിലെ ഒന്നാം പ്രതിയും ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ സഹോദരനുമായ നൂറുല്‍ അമീനെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് അധ്യാപക ജോലിയില്‍ നിന്നും പ്രതിയെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പിരിച്ചുവിടുന്നത്. അന്ത്രോത്ത് എംജിഎസ്എസ്എസ് സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു നൂറുല്‍ അമീന്.
അധ്യാപകന് എന്നാല്‍ സമൂഹത്തില്‍ അഹിംസയുടെ സന്ദേശം നല്‍കേണ്ട വ്യക്തിയെന്നാണ് പിരിച്ചു വിടല്‍ ഉത്തരവില്‍ അഡ്മിനിസ്ട്രേറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയായ നൂറുല്‍ അമീനും രണ്ടാം പ്രതിയായ മുന്‍ എംപി മുഹമ്മദ് ഫൈസലും അടക്കമുള്ളവര്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ എംപി സ്ഥാനത്ത് നിന്നും മുഹമ്മദ് ഫൈസല്‍ അയോഗ്യനായിരുന്നു.
വധശ്രമ കേസിലെ പത്ത് വര്‍ഷത്തെ തടവു ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ അടക്കം 4 പ്രതികള്‍ നല്കിയ ഹര്‍ജി കേരള ഹൈക്കോടതി ഈ മാസം 17 ന് പരിഗണിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 2009ലെ സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ച കേസിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്. നാല് പ്രതികളെ 10 വര്‍ഷം തടവിനും 1 ലക്ഷം രൂപ പിഴ നല്‍കാനും കോടതി വിധിക്കുകയായിരുന്നു.
STORY HIGHLIGHTS: Nurul Amin, the first accused in the attempt to murder case and the brother of former Lakshadweep MP Muhammad Faisal, has been dismissed from government job