തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കേസിൽ ദിലീപ് നിരപരാധിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ആടൂർ പറഞ്ഞു. കേസിന് പിന്നിൽ അറിയാൻ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. അങ്ങനെയൊന്നും അയാൾ ചെയ്യുമെന്ന് കരുതുന്നില്ല. ദിലീപിനെതിരെയുളള ആരോപണങ്ങൾക്ക് യാതൊരു തെളിവുമില്ല. ദിലീപിനെതിരായ ആരോപണങ്ങൾ തെളിയിക്കാനാവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അടൂർ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അടൂരിന്റെ പ്രതികരണം.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ കരുണാകരനെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടു. കലാകാരനും കലാസൃഷ്ടിയും വ്യത്യസ്തമാണ്. പല മോശപ്പെട്ട ആളുകളും മികച്ച കലാസൃഷ്ടികള്‍ നടത്തിയിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ള അയാളുടെ ഭാര്യയെ സംബന്ധിച്ചിടത്തോളം വളരെ ഭയങ്കരനായ ഒരു മനുഷ്യനായിരുന്നു. പക്ഷേ, ചങ്ങമ്പുഴയില്ലാത്ത മലയാള കവിതയെക്കുറിച്ച് ചിന്തിക്കാനാവുമോ?. സിനിമ ഒരു സര്‍ഗ്ഗാത്മക സൃഷ്ടിയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനമില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർക്ക് കേരളത്തിലെ ജാതിയെക്കുറിച്ച് ഒന്നുമറിയില്ല. അദ്ദേഹം ഡൽഹിയിൽ വളർന്നയാളാണ്. ജാതി ഉണ്ടാക്കാനോ ഇല്ലാതാക്കാനോ ഉളള സ്ഥാപനമല്ലിതെന്നും അടൂർ കൂട്ടിച്ചേർത്തു. അവിടത്തെ ശുചീകരണ തൊഴിലാളികളെ അടക്കം രംഗത്തിറക്കി ചിലർ മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കൂകയാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
STORY HIGHLIGHTS: Adoor Gopalakrishnan says he believed that Dileep is innocent’