വിവാഹങ്ങൾക്കിടെ പല പ്രശ്നങ്ങളും ഉടലെടുക്കുന്നതും ബഹളമുണ്ടാകുന്നതും ചിലപ്പോൾ കല്ല്യാണം തന്നെ മുടങ്ങിപ്പോകുന്നതുമായ ഏറെ സംഭവങ്ങളുണ്ടാകാറുണ്ട്. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഡൽഹിയിലെ സാഹിബാബാദിലും നടന്നത്.
വരൻ ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകാനെന്ന് പറഞ്ഞ് മുങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. ഇങ്ങനെ ഇടവിട്ട് ഇടവിട്ട് ബാത്ത്റൂമിൽ പോകാനായി വരൻ എഴുന്നേറ്റതോടെ വധുവിന് സംശയം തോന്നി. അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. വിവാഹം നടക്കുന്ന മണ്ഡപത്തിന് പിന്നിലായി സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന് മദ്യപിക്കുകയായിരുന്നത്രെ വരൻ. അതോടെ സന്തോഷകരമായി നടക്കേണ്ടിയിരുന്ന വിവാഹച്ചടങ്ങ് അലങ്കോലമായിത്തീർന്നു. എന്തിനേറെ പറയുന്നു, പൊലീസ് വരെ വന്നു.
മാസങ്ങൾ മുമ്പ് തീരുമാനിച്ച വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും വളരെ നന്നായിത്തന്നെയാണ് നടന്നിരുന്നത്. വരമാല ചടങ്ങ് വരെ കാര്യങ്ങൾ അങ്ങനെ പോയി. ഇരുവരും ഹാരവുമണിയിച്ചു. എന്നാൽ, അത് കഴിഞ്ഞതോടെയാണ് വരൻ അസ്വാഭാവികമായി പെരുമാറാൻ തുടങ്ങിയത്. ബാത്ത്റൂമിൽ പോകണമെന്ന് പറഞ്ഞ് വരൻ ഇടയ്ക്കിടെ മണ്ഡപത്തിൽ നിന്നും മുങ്ങാൻ തുടങ്ങി. ഇതോടെയാണ് വധുവിന്റെ വീട്ടുകാർക്ക് സംശയം തോന്നിയത്.
ഒടുവിൽ വധു തന്നെയാണ് തന്റെ വീട്ടുകാരോട് അയാളെ ഒന്ന് നോക്കിയിട്ട് വരൂ എന്ന് പറയുന്നത്. നോക്കിയപ്പോഴാണ് വരൻ ബാത്ത്റൂമിൽ പോയതല്ലെന്ന് മനസിലായത്. അയാള് മണ്ഡപത്തിന്റെ പിന്നിൽ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് മദ്യപിക്കുകയായിരുന്നു. അതോടെ പ്രശ്നമായി. എന്നാൽ, ശരിക്കും താൻ ബാത്ത്റൂമിൽ പോവുകയായിരുന്നു എന്നാണ് വരൻ പറഞ്ഞത്. പക്ഷേ, അയാളുടെ സംസാരം അവ്യക്തമായിരുന്നു, പെരുമാറ്റത്തിലും പ്രശ്നങ്ങളുണ്ടായിരുന്നു.
അങ്ങനെ ചടങ്ങ് ആകെ അലങ്കോലപ്പെട്ടു. വരൻ 10 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതായും വധുവിന്റെ വീട്ടുകാർ ആരോപിച്ചു. ഇങ്ങനെയൊരു വിവാഹം വേണ്ട എന്നും ചടങ്ങുകൾ തുടരുന്നില്ല എന്നും വധുവിന്റെ വീട്ടുകാർ അറിയിച്ചു. ഒടുവിൽ, ഇരുവീട്ടുകാരും തമ്മിൽ വലിയ ബഹളമായതോടെ പൊലീസും സ്ഥലത്തെത്തി. പിന്നീട്, വിവാഹം വേണ്ടെന്നും വച്ചു.