പുഷ്പ 2 എന്ന അല്ലു അർജുൻ ചിത്രം തിയറ്ററുകളിൽ എത്താൻ വെറും ഒരു ദിവസം മാത്രമാണ് ബാക്കി. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും എത്തുന്നു എന്നത് മലയാളികളിൽ ചെറുതല്ലാത്ത ആവേശം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഫഹദിന്റെയും അല്ലുവിന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള പോരാട്ടം കാണാൻ അവർ കാത്തിരിക്കുകയാണ്. റിലീസ് അടുത്തിരിക്കെ അല്ലു അർജുൻ ആരാധകരെല്ലാം ആഘോഷം ആരംഭിച്ചു കഴിഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു പുഷ്പ 2ന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യദിനം മുതൽ തന്നെ മികച്ച പ്രതികരണം ലഭിച്ച ബുക്കിങ്ങിലൂടെ ഇതുവരെ ചിത്രം നേടിയത് 100 കോടിയാണെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിലാണെങ്കിൽ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 250 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡിയുടെ പ്രീ സെയിൽ കളക്ഷൻ ഇന്ന് തന്നെ പുഷ്പ 2 മറി കടക്കും
ആര്യ ഫ്രാഞ്ചൈസിയ്ക്ക് ശേഷം അല്ലു അർജുനും സുകുമാറും ഒന്നിച്ച ചിത്രമാണ് പുഷ്പ. റിലീസ് ദിവസം മുതൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം ബോക്സ് ഓഫീസിൽ കസറിയിരുന്നു. ഈ ചിത്രത്തിന്റെ വൻ വിജയം തന്നെയാണ് രണ്ടാം ഭാഗത്തിലേക്കും പ്രേക്ഷകരെ അടുപ്പിച്ച പ്രധാനഘടകം. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പുഷ്പ 3 വരുമെന്ന് കഴിഞ്ഞ ദിവസം സുകുമാർ അറിയിച്ചിരുന്നു.